തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും പൂർണ്ണമായി അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എല്ലാ കാര്യങ്ങളും കേട്ടുകഴിഞ്ഞു. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി ഹൈക്കമാൻഡ് തീരുമാനം നടപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

To advertise here,

സർക്കാർ രൂപീകരണത്തിലെ കാലതാമസം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, കഴിഞ്ഞ തവണ ഇടതുപക്ഷം സർക്കാർ രൂപീകരിക്കാൻ എടുത്ത അത്രയും സമയം തങ്ങൾ എടുക്കുന്നില്ലെന്നാണ് ചെന്നിത്തല മറുപടി നൽകിയത്. ഇത്തരം ചർച്ചകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വലിയ താമസം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന വിഷയത്തിൽ ഘടകക്ഷികൾ ഇടപെടുന്നു എന്ന തരത്തിലുള്ള ചർച്ചകൾ അവസാനിച്ചതായും അക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നേതൃത്വം അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.