കോട്ടയം: കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിന് സമർപ്പിച്ചു. കോട്ടയത്തെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും  പ്രമുഖ മാധ്യമപ്രവർത്തകനായ കെ. എ. ഫ്രാൻസിസാണ് വിശിഷ്ടാംഗത്വം കൈമാറിയത്. 

To advertise here,

കാർട്ടൂണിസ്റ്റാകാനായി മാധ്യമ രംഗത്തെത്തിയ തോമസ് ജേക്കബ് പിൽക്കാലത്ത് പത്രപ്രവർത്തന മേഖലയിൽ കാതലായ സംഭാവനകൾ നൽകിയത് സമാനതകളില്ലാത്ത ചരിത്രമാണ്. കാർട്ടൂൺ രചനയിൽ സജീവമായില്ലെങ്കിലും മലയാളത്തിലെ കാർട്ടൂണിസ്റ്റുകളുടെ വളർച്ചയ്ക്ക് അദ്ദേഹം വലിയ പ്രോത്സാഹനം നൽകിയെന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

ചടങ്ങിൽ കാർട്ടൂൺ അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, വി. ആർ. സത്യദേവ്, മുതിർന്ന അംഗങ്ങളായ ഇ.പി. പീറ്റർ, പ്രസന്നൻ ആനിക്കാട്, സുധീർനാഥ്, മനോജ് മത്തശ്ശേരിൽ എന്നിവരും പങ്കെടുത്തു.