ന്യൂഡൽഹി: പരമ്പരാഗത നെട്ടൂർപെട്ടി, ചുണ്ടൻവള്ളത്തിന്റെയും കഥകളിയുടെയും തെയ്യത്തിന്റെയും ചെറുമാതൃകകൾ, നെറ്റിപ്പട്ടം, ശംഖ്, ഗുരുവായൂരപ്പന്റെ തടിയിൽ കൊത്തിയ ശിൽപം... പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഉപഹാരങ്ങളുടെ ഇ-ലേലത്തിൽ വെച്ചിരിക്കുന്ന കേരളീയ വസ്തുക്കളാണിത്. പലപ്പോഴായി പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളുടെ ഈ വർഷത്തെ ലേലത്തിൽ കേരളത്തിൽനിന്നുള്ള വൈവിധ്യമാർന്ന 32 സ്മാരക വസ്തുക്കളാണുള്ളത്. കേരളത്തിന്റെ കലയും കരകൗശലവിദ്യയും പാരമ്പര്യ കലാരൂപങ്ങളും സാംസ്‌കാരിക പൈതൃകവും വെളിപ്പെടുത്തുന്ന ഉപഹാരങ്ങളാണിവ.

To advertise here,

കരവിരുതിൽ നിർമിച്ച, ചരിത്രപ്രസിദ്ധമായ ബേപ്പൂർ ഉരുവിന്റെ ചെറുമാതൃകയും ഇക്കൂട്ടത്തിലുണ്ട്. പരമ്പരാഗതമായി മരത്തിൽ നിർമിക്കുന്ന, കേരളത്തിന്റെ പൈതൃക സമുദ്രയാനമായ ഉരുവിന്റെ മാതൃകയാണിത്.

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിൽ കോഴിക്കോടുള്ള നാഷണൽ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ മാതൃക നിർമിച്ചത്. ബേപ്പൂരിലെ വിദഗ്ധരായ ആശാരിമാർ പരമ്പരാഗതമായി നിർമിച്ചിരുന്ന തടി ഉരുക്കളുടെ മാതൃകയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വള്ളംകളി സംസ്‌കാരം വെളിപ്പെടുത്തുന്നതാണ് ചുണ്ടൻവള്ളത്തിന്റെ മാതൃക.

ഓറഞ്ച് നിറത്തിലെ നെട്ടൂർപെട്ടി കേരളത്തിന്റെ പരമ്പരാഗത ആഭരണപ്പെട്ടിയാണ്. ചുമർചിത്രകലയും പിച്ചള അലങ്കാരപ്പണികളും ഉൾപ്പെടെയുള്ള നെട്ടൂർപെട്ടി, പണ്ടുകാലത്ത് പ്രഭുകുടുംബങ്ങളുടെയും സമ്പന്നകുടുംബങ്ങളുടെയും വീടുകളിൽ ആഭരണങ്ങളും വിശുദ്ധ വസ്തുക്കളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കേരളത്തിന്റെ പരമ്പരാഗത കരകൗശലവിദ്യയുടെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നതാണിത്.

പാരമ്പര്യ കലാരൂപങ്ങളുടെ നിരവധി പ്രതിനിധാനങ്ങളും ശേഖരത്തിലുണ്ട്. കഥകളി നർത്തകന്റെ പാവയും കഥകളി കലാകാരന്റെ ചിത്രവും കഥകളിയുടെ വിവിധ സവിശേഷതകൾ അവതരിപ്പിക്കുന്നതാണ്. മുഖച്ചായം, വേഷവിധാനം, ആഭരണങ്ങൾ തുടങ്ങിയവ അതിൽ പ്രതിഫലിക്കുന്നു.

ഭൈരവൻ തെയ്യം ആചാരകലാശിൽപം വടക്കൻ കേരളത്തിന്റെ ആചാരപരമായ നൃത്തകലാപാരമ്പര്യത്തെ അവതരിപ്പിക്കുന്നു. ആദി ശങ്കരാചാര്യരുടെ ഛായാചിത്രം, ശിവഗിരി മഠത്തിന്റെ സ്മരണയ്ക്കായി കൊത്തുപണിയോടുകൂടി തടിയിൽത്തീർത്ത ക്ഷേത്രമാതൃക, പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ചിത്രം, ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രം എന്നിവയുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം അനുസ്മരിക്കുന്ന കലാസൃഷ്ടിയും ശേഖരത്തിന്റെ ഭാഗമാണ്.

കേരളീയ ശൈലിയിൽ രാധാ-ഗോപിക സമേതനായ കൃഷ്ണനെ ചിത്രീകരിച്ച ചുമർച്ചിത്രവും ലേലത്തിലുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിങ്ങിലെ കലാകാരന്മാരാണ് ഈ ചിത്രം തയ്യാറാക്കിയത്. ആൽമരത്തിന് കീഴിൽ കൃഷ്ണൻ പുല്ലാങ്കുഴൽ വായിക്കുന്നതും സമീപത്ത് രാധയും ഗോപികയും നിൽക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

പരമ്പരാഗത പഞ്ചവർണ രീതിയിലുള്ള അഞ്ച് നിറങ്ങളുടെ സംയോജനത്തിൽ പ്രത്യേകം തയ്യാറാക്കിയ സിമന്റ് ഷീറ്റിലാണ് ചിത്രം വരച്ചിരിക്കുന്നത്. കൂടാതെ പരമ്പരാഗത നെറ്റിപ്പട്ടം, കേരളീയ പിച്ചള വാസ്തുവിളക്ക്, ഗുരുവായൂരപ്പന്റെ കൊത്തുപണിയുള്ള ശില്പം, പരമ്പരാഗത ശംഖ് തുടങ്ങിയവയും ശേഖരത്തിലുണ്ട്.

പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളുടെ ഇ-ലേലത്തിന്റെ എട്ടാം പതിപ്പ് ഒക്ടോബർ രണ്ടുവരെയുണ്ടാകും. ഔദ്യോഗിക ഇ-ലേലം പോർട്ടൽ: pmmementos.gov.in