കൊച്ചി: തിങ്കളാഴ്ച തീപ്പിടിച്ച ചരക്കുകപ്പല്‍ വാന്‍ഹായ് 503 ല്‍ തീ ഇപ്പോഴും ആളിക്കത്തുന്നു. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ളതിനാല്‍ കപ്പലില്‍നിന്ന് ഇടയ്ക്കിടെ സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ വലിയ ശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ച് തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തീയണയ്ക്കല്‍ ദൗത്യത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. 

To advertise here,

തിങ്കളാഴ്ച രാത്രി മുഴുവന്‍ തീയണയ്ക്കാനുള്ള ദൗത്യം കോസ്റ്റ്ഗാര്‍ഡ് നടത്തിയിരുന്നു. കൂടുതല്‍ കപ്പലുകള്‍ കോസ്റ്റ്ഗാര്‍ഡ് ആ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നതാണ് ലഭ്യമായ വിവരം. കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ സാജേതും സമുദ്രപ്രഹരയുമാണ് തിങ്കളാഴ്ച ദൗത്യത്തിനെത്തിയത്. കപ്പലിന് സമീപത്തേക്ക് എത്താന്‍ സാധിക്കുന്നില്ല എന്നത് ദൗത്യത്തിന് തടസ്സമാകുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം വ്യോമനിരീക്ഷണം തുടരുന്നുണ്ട്‌.

തിങ്കളാഴ്ച രാവിലെയാണ് കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചത്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിങ്കപ്പൂർ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്. 

തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. കണ്ടെയ്‌നറുകളിലെ പൊട്ടിത്തെറിയും ഇടയ്ക്ക് ഇവ കടലില്‍ പതിക്കുന്നതും മറ്റ് കപ്പലുകള്‍ക്ക് ഇതിനടുത്തെത്താന്‍ തടസമാകുന്നുണ്ട്. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ 9.30-ഓടുകൂടിയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ്ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കില്‍ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40-ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തി. നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊള്ളലേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റവരും ഉണ്ട്.