കോട്ടയം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം തോന്നുന്നതാണ് ഈ ബജറ്റ്. എയിംസിനെ കുറിച്ചാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സംസാരിച്ചത്. അതെങ്കിലും കിട്ടുമെന്ന് കരുതി. എയിംസുമില്ല അതിവേഗ റെയിൽ പാതയുമില്ല. കേരളത്തിന് വേണ്ടി പ്രഖ്യാപനങ്ങൾ ഇല്ലാത്തത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പഴയ ഫിനാൻസ് കമ്മീഷൻ കേരളത്തിന് നൽകിയത് 1.92 ശതമാനം മാത്രമാണ്. പതിനാറാം ഫിനാൻസ് കമ്മീഷന് മുന്നിൽ കേരളത്തിന് വേണ്ടി ശക്തമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരുന്നത്. വികസിത കേരളമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ബിജെപി നേതാക്കളും പ്രധാനമന്ത്രിയും പറഞ്ഞത്. ഇങ്ങനെയാണ് ഇവർ കേരളത്തെ വികസിപ്പിക്കുന്നതെങ്കിൽ ഇതൊരു മുന്നറിയിപ്പാണ്. എത്രത്തോളം അവഗണനയോടെയാണ് കേരളത്തെ ബിജെപി കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തെ പരിഹസിക്കുകയാണ്. കേന്ദ്രമന്ത്രിമാർ എന്തൊക്കെയാണ് കേരളത്തിൽ വന്ന് പറഞ്ഞത്. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.

റബർ കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരു സഹായവുമില്ല. റബർ താങ്ങുവില 250 രൂപയാക്കുമെന്നാണ് എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചത്. കർഷകർക്ക് പ്രകടനപത്രികയുടെ കടലാസ് ചുരുട്ടി കഴിക്കാൻ പറ്റില്ലല്ലോ. പത്ത് വർഷം കൊണ്ട് ഇവർ ആകെ വർധിപ്പിച്ചത് 50 രൂപ മാത്രമാണ്. കാർഷിക മേഖല ആകെ തളർച്ചയിലാണ്. ഇതിന് സംരക്ഷണം ഒരുക്കുകയാണ് ബജറ്റിലൂടെ ചെയ്യേണ്ടത്. അക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് സതീശൻ ഓർമ്മപ്പെടുത്തി.

ഇൻഫാമിന്റെ വേദിയിൽ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ സമ്മതിക്കണം. കർഷകരുടെ എന്ത് പ്രശ്‌നമാണ് പരിഹരിച്ചത്. നെല്ല് സംഭരിക്കാൻ സാധിക്കുന്നില്ല, റബറിന്റെ താങ്ങുവില ഉയർത്തിയില്ല, വന്യജീവ ആക്രമണത്തിൽ നിന്നും രക്ഷിക്കാനും സർക്കാർ ചെറുവിരൽ അനക്കിയില്ല. ആന ചവിട്ടി കൊന്നാലും കടുവ കടിച്ചുകൊന്നാലും കഷ്ടമായി പോയി എന്ന് മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇൻഫാം പ്രതിപക്ഷത്തിന് മുന്നിൽ വെച്ചിട്ടുള്ളത്. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ഈ പരാതികളിൽ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഈ സർക്കാർ തന്നെ അധികാരത്തിൽ മടങ്ങിയെത്തിയാൽ എന്താവും സ്ഥിതിയെന്ന് ബോധ്യമുള്ളവരാണ് കേരളത്തിലെ ജനങ്ങൾ. അക്കാര്യത്തിൽ ജനങ്ങൾ കൃത്യമായ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ച പിണറായിയുടെ നാവുകൊണ്ട് നല്ല വാക്കുകൾ പറയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇപ്പോഴെങ്കിലും മാറ്റി പറഞ്ഞല്ലോയെന്നും എല്ലാവരും നല്ലത് പറയണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. ആര് പിണങ്ങിയാലും വിഷമമാകുമെന്നതാണ് ഞങ്ങളുടെ ലൈൻ എന്നും വി.ഡി.സതീശൻ വ്യക്തമാക്കി.