തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് കേരള ബിജെപിയിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. പാർട്ടിയിലെ പ്രധാന ഭാരവാഹികൾ ഉൾപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന അധ്യക്ഷൻ നടപടികൾ ആരംഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുകോടി കൊടികൾ നിർമ്മിക്കാനുള്ള മൂന്നരക്കോടി രൂപയുടെ കരാറിലാണ് പ്രധാനമായും വെട്ടിപ്പ് നടന്നത്. കേന്ദ്ര നേതൃത്വം നൽകുന്ന കൊടികൾ ലഭിക്കാൻ വൈകിയ സാഹചര്യം മുതലെടുത്ത്, പാർട്ടിയിലെ ചില നേതാക്കൾ തന്നെ ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാർ നൽകുകയായിരുന്നു. ഈ ഇടപാടിലൂടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോർച്ച നേതാവും ചേർന്ന് 54 ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന് പാർട്ടി ട്രഷറർക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ കേന്ദ്രം അയച്ച കൊടികൾ ഉപയോഗിക്കാതെ പാർട്ടി ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.
ഹെലികോപ്റ്റർ, വാഹന വാടക ഇനങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി റിപ്പോർട്ടുണ്ട്. പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകൾ 136 മണിക്കൂർ പറക്കാൻ കരാർ നൽകിയെങ്കിലും ആകെ ഉപയോഗിച്ചത് 42 മണിക്കൂർ മാത്രമാണ്. ഇതിനുപുറമെ, തിരരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത 200 കാറുകളിൽ പകുതി പോലും ഉപയോഗിക്കാതെ തന്നെ ട്രിപ്പ് ഷീറ്റുകളിൽ തിരുമറി നടത്തി ഒരുകോടിയോളം രൂപതട്ടിയെടുത്തതായും പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കിയതിലും പരാതി ഉയർന്നിട്ടുണ്ട്.
സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്താൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പുനസംഘടനയിൽ ഇവർക്ക് ഭാരവാഹിത്വമുണ്ടാകില്ല. കൂടാതെ, തിരുവിതാങ്കൂർ സഹകരണസംഘത്തിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു സംസ്ഥാന സെക്രട്ടറിക്കും സ്ഥാനം നഷ്ടമായേക്കും. വിവാദങ്ങൾ പുറത്തുവന്നതോടെ, ഇവരെ സംരക്ഷിക്കുന്നവർക്കെതിരെയും പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്.
അച്ചടക്ക നടപടികൾ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. എന്നാൽ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ എത്തിയ അധ്യക്ഷന്, അദ്ദേഹത്തിന്റെ കാലയളവിൽ തന്നെ ഉയർന്ന അഴിമതി ആരോപണങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രമക്കേടിൽ പങ്കുള്ളവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന വിവരം അദ്ദേഹം കോർ കമ്മിറ്റി അംഗങ്ങളെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
Published: 10 Jul 2026, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented