തിരുവനന്തപുരം: സഹകരണ മേഖലയിൽ വീണ്ടും ബാങ്ക് ലയനത്തിന് സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാനാണ് നീക്കം. ലയനതീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് കേരളബാങ്കിന് കത്ത് നൽകി. ദീർഘകാല കാർഷിക വായ്പ വിതരണം ചെയ്യാൻ പ്രത്യേക ബാങ്ക് വേണ്ടെന്നും ഇവയെ കേരളബാങ്കിൽ ലയിപ്പിക്കുന്നത് ഗുണകരമാണെന്നുമുള്ള നിർദേശത്തോടെ സർക്കാരിന് റിപ്പോർട്ട് നൽകനാണ് സഹകരണ വകുപ്പിന്റെ നിർദേശം.

To advertise here,

ഈ ലയനം പഠിക്കാൻ നേരത്തേ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഡോ. ആർ. ശശികുമാർ അധ്യക്ഷനായ സമിതി, കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളാബാങ്കിന്റെ ക്രെഡിറ്റ് വിഭാഗമാക്കി മാറ്റണമെന്ന ശുപാർശയാണ് നൽകിയത്. കേരളാബാങ്ക് രൂപവത്കരണത്തിന് പിന്നാലെയുള്ള മറ്റൊരു ലയനം രാഷ്ട്രീയതർക്കങ്ങൾക്കും സഹകരണ മേഖലയിൽ പ്രതിസന്ധികൾക്കും വഴിവെക്കുമെന്നതിനാൽ നടപടിയിലേക്ക് സർക്കാർ കടന്നിരുന്നില്ല. സംസ്ഥാന കാർഷിക വികസന ബാങ്കിൽ നിലവിൽ യുഡിഎഫ് ഭരണസമിതി ഇല്ലെന്നതും സർക്കാർ‌ നിയന്ത്രണമുള്ള അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഭരണമാണെന്നതും പരിഗണിച്ചാണ് ലയനനീക്കം സജീവമാക്കിയത്. കേരളബാങ്കിന്റെ ഭരണം എൽഡിഎഫിനാണ്.

പ്രാഥമിക കാർഷികവികസന ബാങ്കുകളെ ലയിപ്പിക്കാതെ കേരളാബാങ്കിന്റെ അംഗങ്ങളാക്കി നിലനിർത്താനാണ് ധാരണ. ലയനത്തിന് കേരളബാങ്കിന്റെയും കാർഷികവികസന ബാങ്കിന്റെയും ഭരണസമിതികൾ തീരുമാനിച്ചതിനുശേഷം റിസർവ് ബാങ്കിനെയും നബാർഡിനെയും സമീപിക്കാമെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം. ഇതിനുശേഷം ഓർഡിനൻസ് ഇറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലയനം സംബന്ധിച്ച വിവരങ്ങൾ പുറത്താകരുതെന്ന നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സർക്കാരിൽനിന്ന് കത്ത് ലഭിച്ചിട്ടും ലയനത്തിന് അനുകൂല തീരുമാനമെടുക്കാൻ കേരളബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല.

യുഡിഎഫ് പടിക്ക് പുറത്താകും

ദീർഘകാല കാർഷികവായ്പ വിതരണം ചെയ്യാൻ സഹകരണ മേഖലയിൽ നിലനിൽക്കുന്ന ബാങ്കിങ് സംവിധാനമാണ് കാർഷിക വികസന ബാങ്കുകൾ. സംസ്ഥാന ബാങ്കും അതിലെ അംഗങ്ങളായി 77 പ്രാഥമിക ബാങ്കുകളുമാണ് ‌ഉള്ളത്. സംസ്ഥാന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. നിലവിൽ 39 പ്രാഥമിക ബാങ്കുകൾ യുഡിഎഫിന്റെയും 38 ബാങ്കുകൾ എൽഡിഎഫിന്റെയും ഭരണത്തിലാണ്. സംസ്ഥാന ബാങ്കിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഭരണം യുഡിഎഫിന് ലഭിക്കുന്ന സ്ഥിതിയാണ്.