കിടപ്പുരോഗികള്ക്കൊഴികെ എല്ലാവര്ക്കും ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് ഇനി പെന്ഷന് ലഭിക്കുക

തിരുവനന്തപുരം: സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള നിർദേശത്തിന് തത്ത്വത്തിൽ അംഗീകാരംനൽകി സർക്കാർ. കിടപ്പുരോഗികൾക്കുമാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നാണ് തീരുമാനം. മറ്റുള്ളവർക്കെല്ലാം ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെമാത്രം നൽകും. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. പുതിയരീതി എന്നുമുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
മുൻ എൽ.ഡി.എഫ്. സർക്കാർ 2016 മുതൽ ആവശ്യപ്പെടുന്നവർക്കെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വീട്ടിലെത്തിച്ചിരുന്നു. ഇതിനാണ് മാറ്റംവരുത്തുന്നത്. ആകെ പെൻഷൻ വാങ്ങുന്ന 52 ലക്ഷത്തോളം പേരിൽ 23 ലക്ഷവും ഇങ്ങനെ നേരിട്ട് വാങ്ങുന്നവരാണ്. പുതിയ തീരുമാനം ഇവരിൽ വലിയ ഭൂരിപക്ഷത്തെ ബാധിക്കും. കിടപ്പുരോഗികൾക്കുപുറമേ അംഗപരിമിതർക്കും അവശരായവർക്കും ആശ്രയിക്കാൻ വിശ്വസ്തരില്ലാത്തവർക്കും സമീപത്ത് ബാങ്കുകളോ എ.ടി.എമ്മുകളോ ഇല്ലാത്തവർക്കുമെല്ലാം ഇത് പ്രയോജനപ്പെട്ടിരുന്നു.
ഒരാൾക്ക് പെൻഷൻ എത്തിച്ചാൽ ഏജന്റിന് 25 രൂപയും സംഘത്തിന് അഞ്ചുരൂപയും സർക്കാർ ഇൻസെന്റീവായി നൽകിയിരുന്നു. 1625 സംഘങ്ങളിലെ അയ്യായിരത്തോളം ഏജന്റുമാരാണ് പെൻഷൻ വിതരണംചെയ്തിരുന്നത്. ഇവർക്കും സംഘങ്ങൾക്കും വരുമാനനഷ്ടമുണ്ടാകും. പെൻഷൻ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പെൻഷൻ വിതരണം അക്കൗണ്ട് വഴിയാക്കുന്നത്.
എതിർപ്പ് രൂക്ഷമാകും
ഈ ഉത്തരവനുസരിച്ച് കിടപ്പുരോഗികള വേർതിരിച്ച് കണ്ടെത്തണം. അതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണം. നേരിട്ട് പെൻഷൻ എത്തിക്കുന്നത് പരിമിതപ്പെടുത്തുന്നതോടെ അംഗപരിമിതർ, അവശർ, പ്രായമേറിയവർ തുടങ്ങിയ ഗുണഭോക്താക്കൾ ബാങ്കുകളിലോ എ.ടി.എമ്മിലോ എത്തേണ്ടിവരും. അവർക്ക് വാണിജ്യ ബാങ്കുകളിൽ അക്കൗണ്ട് എടുക്കണം. ഇത്തരം നടപടികളിൽ പിടിപ്പില്ലാത്തവർ മറ്റാരെയെങ്കിലും ആശ്രയിക്കണം. പണം നേരിട്ട് കൈകളിലെത്തുന്നതുപോലെ സുരക്ഷിതമല്ല, മറ്റുള്ളവരെ ആശ്രയിക്കുന്നത്.
23 ലക്ഷത്തോളം പേർ പത്തുവർഷമായി അനുഭവിക്കുന്ന സൗകര്യം നിർത്തലാക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാവും. എന്നാൽ, ആധാർ അധിഷ്ഠിതമാകുന്നതോടെ ക്ഷേമപെൻഷൻ അനർഹരും മരിച്ചുപോയവരുടെ പേരിലും തട്ടിയെടുക്കുന്നത് തടയാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
കേന്ദ്രത്തിനും ഇഷ്ടമില്ല, ബാക്കിപ്പണം വൈകുന്നു
പെൻഷൻ അക്കൗണ്ടുവഴി മാത്രമാക്കാൻ നാലുകാരണങ്ങളാണ് കമ്പനി പറയുന്നത്:
- വീട്ടിലെത്തിക്കാൻ നൽകുന്ന പണത്തിൽ വിതരണം ചെയ്യാത്തത് സഹകരണ സംഘങ്ങൾ തിരിച്ചടയ്ക്കാൻ വൈകുന്നു.
- സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നതിലൂടെ ഇൻസെന്റീവായി നൽകുന്ന പണം ലാഭിക്കാം.
- പെൻഷൻ വീട്ടിലെത്തിക്കുന്നത് കേന്ദ്രത്തിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സംബന്ധിച്ച നിർദേശങ്ങൾക്ക് എതിരാണ്. ഇത് പാലിക്കാത്തതിനാൽ കേന്ദ്രസർക്കാർ ഈയിനത്തിൽ നൽകുന്ന സഹായധനം സംസ്ഥാനത്തിന് നഷ്ടമാകുന്നു.
- പെൻഷൻ വിതരണം പൂർണമായും ആധാർ അധിഷ്ഠിതമല്ലാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ ലഭിക്കുന്നു.
Content Highlights: Kerala government has approved stopping direct home delivery of welfare pensions through cooperative banks. Except for bedridden patients, all 52 lakh pension beneficiaries must now collect pensions through Aadhaar-linked commercial bank accounts, affecting 23 lakh current home delivery recipients.
Published: 07 Aug 2026, 05:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented