തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളായി പ്രഖ്യാപിച്ചവരിൽ മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പി.യിലെത്തിയ പ്രമുഖരും. 47 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടിക പുറത്തിറക്കിയപ്പോൾ കോൺഗ്രസ്, സി.പി.ഐ., സി.പി.എം. പാർട്ടികളിൽനിന്ന് ബി.ജെ.പി.യിലെത്തിയ പ്രമുഖ നേതാക്കൾക്കും സീറ്റ് നൽകിയിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To advertise here,

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയും ധർമടത്ത് കഴിഞ്ഞതവണ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിച്ചയാളുമായ സി. രഘുനാഥ് കണ്ണൂരിൽ ബി.ജെ.പി. സ്ഥാനാർഥിയാകും. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാൽ തൃശ്ശൂരിൽ മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യു.ഡി.എഫ്. സ്ഥാനാർഥിയും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആർ. രശ്മി ഇത്തവണ കൊട്ടാരക്കരയിൽത്തന്നെ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുന്നു.

സി.പി.എം. മുൻ എം.എൽ.എ. എസ്. രാജേന്ദ്രൻ ദേവികുളത്തും സി.പി.ഐ. മുൻ എം.എൽ.എ. കെ. അജിത്ത് വൈക്കത്തും ജനവിധി തേടും. കേരള കോൺഗ്രസിലും ജനപക്ഷത്തിലും പ്രവർത്തിച്ചിരുന്ന പി.സി. ജോർജ് പൂഞ്ഞാറിലും മകൻ ഷോൺ ജോർജ് പാലായിലും ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുന്നു.