ചിന്നക്കനാൽ (ഇടുക്കി): മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന കാറ്റിലൂടെ ആനച്ചൂരും അരിച്ചെത്തി. ആ സമയം 92 കോളനിയിലെ ആളൊഴിഞ്ഞ വീടിന് പിന്നിലുള്ള കരിങ്കല്ലിൻമേൽ ഒരു കുടയുംചൂടി, ചന്ദ്രൻ ദൂരേക്ക് കണ്ണുംനട്ടിരുന്നു. കാറ്റിൽ ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ ചില്ലുപൊട്ടുകൾ പോലെ വന്നിടിച്ച് മുഖം നോവുമ്പോഴും കണ്ണുചിമ്മാതെ, മിനിറ്റുകൾ..മണിക്കൂറുകൾ...

To advertise here,

ആനകൾ കാടിറങ്ങുന്നുണ്ടോ എന്ന് നോക്കി കാവലിരിക്കുകയാണ് ആ മനുഷ്യൻ, വി.ചന്ദ്രൻ (60) എന്ന വനംവകുപ്പ് വാച്ചർ. ജൂൺ എട്ടിന് മുറിവാലിപ്പിടി എന്ന കാട്ടാന കൊന്ന മാരി (36)യുടെ സ്വന്തം സഹോദരൻ. മാരി കൊല്ലപ്പെട്ട അതേ സ്ഥലത്താണ് ചന്ദ്രൻ നാടിന്റെ സുരക്ഷയ്ക്കായി കാവലിരിക്കുന്നത്. ചന്ദ്രന്റെ ഏറ്റവും ഇളയ സഹോദരിയാണ് മാരി. സിങ്കുകണ്ടത്തെ കാൽനടപോലും ദുഷ്‌കരമായ, വഴിവിളക്ക് ഒന്നുപോലും തെളിയാത്ത ഒരു ഭാഗത്താണ് ഇരുവരുടേയും വീട്. മക്കളെ സ്കൂളിലേക്കുള്ള ബസിൽ കയറ്റിയിട്ട് ഏലത്തോട്ടതിലേക്ക് ജോലിക്ക് പോകാനായി ആ ദൂരമത്രയും നടന്നാണ്, അന്ന് മാരി 92 കോളനിയിലെത്തിയത്. റോഡിലേക്ക് ഇറങ്ങിവന്ന മുറിവാലിപ്പിടി മാരിയെ കൊന്നു. മകൻ രക്ഷന് ഗുരുതര പരിക്കേറ്റു.

ചിന്നക്കനാലിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരികെ കാടുകയറ്റാൻ ചന്ദ്രൻ എന്നും മുൻപന്തിയിലുണ്ടാകും. എന്നാൽ മാരിയെ രക്ഷിക്കാൻ ചന്ദ്രന് കഴിഞ്ഞില്ല. അദ്ദേഹം ഓടിവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കാവൽ ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചു. മാരി കൊല്ലപ്പെട്ടതിന് 10 മീറ്റർ മാറി ഒരു ഒഴിഞ്ഞ വീടുണ്ടായിരുന്നു. അത് ക്യാമ്പാക്കി. ക്യാമറയും മുന്നറിയിപ്പ് സംവിധാനവും സ്ഥാപിച്ചു. അവിടെ കാവലിരിക്കാൻ ചന്ദ്രനായിരുന്നു നിയോഗം.

മുറിവാലിപ്പിടിയുടെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്ന് ജീവൻ നഷ്ടപ്പെട്ട പെങ്ങളുടെ വിധി ഇനി ഒരാൾക്ക് പോലും വരരുതെന്ന് ഉറപ്പിച്ച് സമയംപോലും നോക്കാതെയാണ് ചന്ദ്രന്റെ സേവനം. അകലെനിന്ന് വീണ്ടും ഒരു ശബ്ദം. കാടിറങ്ങുന്നത് ചക്കക്കൊമ്പനോ മറ്റെന്തെങ്കിലുമോ. അറിയാനായി ചന്ദ്രൻ മുന്നോട്ട് നടന്നു.