
തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനം തള്ളുക, പരിസ്ഥിതിലോല മേഖലയുമായി (ESZ) ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി ജില്ലയിൽ ആരംഭിച്ചു. ഇക്കോ സെൻസിറ്റീവ് സോൺ കരട് വിജ്ഞാപനത്തിലെ വ്യക്തതക്കുറവിന് പുറമെ, ആനയിറങ്കൽ മേഖലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ച രണ്ട് പുതിയ ഉത്തരവുകൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു എന്ന് ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഹർത്താലിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടും ഭേദഗതികൾ സമർപ്പിക്കുന്നതിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഡിജിറ്റൽ കേഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിക്കുന്നത് വൈകിയതിലും അതിൽ നിലനിൽക്കുന്ന അവ്യക്തതകളിലും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്. ഇതോടൊപ്പം ജനവാസ മേഖലകളിൽ കാട്ടാനശല്യം തടയുന്നതിൽ പരാജയപ്പെടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്ത കളക്ടറുടെ നിലപാടുകൾക്കെതിരെയും പ്രതികരിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ ഇടുക്കിയിലെ പ്രധാന കമ്പോളങ്ങളിലെല്ലാം കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. എന്നാൽ പൊതുജനങ്ങളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ട് ഒഴിവാക്കാൻ ദീർഘദൂര കെ.എസ്.ആർ.ടി.സി സർവീസുകളും ഹൈറേഞ്ചിലേക്കുള്ള പ്രത്യേക കെ.എസ്.ആർ.ടി.സി ബസുകളും സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. തൊടുപുഴ നഗരത്തിൽ ഓട്ടോറിക്ഷ സർവീസുകൾ ഭാഗികമായി നടക്കുന്നുണ്ട്.
സാധാരണ ഹർത്താലുകളിൽ നൽകുന്ന പാൽ, പത്രം, അടിയന്തര ആശുപത്രി സേവനങ്ങൾ എന്നിവയ്ക്ക് പുറമെ ഒട്ടനവധി ഇളവുകൾ ഇത്തവണ സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ നടക്കുന്ന സേ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും, നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കാൻ എത്തുന്ന കായികതാരങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാം. കൂടാതെ, മുൻകൂട്ടി മുറികളും യാത്രയും ബുക്ക് ചെയ്ത് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Published: 16 Oct 2026, 08:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented