തിരുവനന്തപുരം:  വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ വിശദീകരണവുമായി വൈദ്യതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മറ്റ് മാര്‍ഗങ്ങളൊന്നും മുന്നില്‍ ഇല്ലാത്തത് കൊണ്ടാണ് ചെറിയ തോതില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

മഴ കുറവായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വന്നിരുന്നു. വരും വര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങുന്നത് കുറയുകയാണെങ്കില്‍ ഇതിന്റെ ഗുണം ഉപയോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കല്‍ക്കരി ഉപയോഗിച്ച് 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായാല്‍ 12 പൈസയുടെ വര്‍ധനവ് വരുത്തില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.

നിരക്ക് വര്‍ധനവ് എന്നത് സാധാരണക്കാരെ ബാധിക്കില്ല. 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കും 16 പൈസയുടെ വര്‍ധനവ് ഉണ്ടാകുന്നത്. 97 കോളനിയില്‍ ഇനിയും വൈദ്യുതി എത്തിക്കേണ്ടതുണ്ട്. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 50 യൂണിറ്റില്‍ താഴെയുള്ള ഉപയോഗത്തിന് ചാര്‍ജ് ഈടാക്കുന്നില്ല. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ അല്‍പ്പം നിരക്ക് വര്‍ധനവ് വരുത്തിയാല്‍ മാത്രമേ സാധിക്കൂവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 

മലബാര്‍ മേഖലയില്‍ വൈദ്യുതി സംവിധാനങ്ങള്‍ കുറവാണ്. കാസര്‍കോട് ഉള്‍പ്പെടെ പുതിയ സബ് സ്റ്റേഷനുകള്‍ ഇത്തവണയാണ് കൊണ്ടുവന്നത്. ഇതിനെല്ലാം പണം ആവശ്യമാണ്. സര്‍ക്കാര്‍ സഹായം വളരെ പരിമിതമാണ്. അതുകൊണ്ട് പണം കണ്ടെത്താന്‍ ഈ മാര്‍ഗം മാത്രമാണുള്ളത്. പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് നിരക്ക് വര്‍ധനവിലേക്ക് പോകുന്നത്. വില കുറഞ്ഞ് വൈദ്യുതി കിട്ടിയാല്‍ അതിന്റെ പ്രയോജനം ഉപയോക്താക്കളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

മുമ്പ് ഒരു വീട്ടില്‍ ഒരു എ.സി. മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് നാലെണ്ണമായില്ലേ. 1000 മെഗാവാട്ട് വൈദ്യുതിയുടെ ഉപയോഗമാണ് ഇതുവഴി വര്‍ധിച്ചിരിക്കുന്നത്. ബി.പി.എല്‍. വിഭാഗത്തില്‍ പെട്ട ആളുകളെ ഈ വര്‍ധനവില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് നിരക്ക് വര്‍ധന ബാധകമാകൂവെന്നും മന്ത്രി വ്യക്തമാക്കി.