ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ള തർക്കം തെരുവിലേക്കെത്തിയതിൽ മുന്നറിയിപ്പുമായി മുതിർന്ന നേതാവ് കെ.സി. ജോസഫ്. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും കെ.സി. ജോസഫ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To advertise here,

കുറിപ്പിന്റെ പൂർണ്ണരൂപം....

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോൺഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങൾ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്.

മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്.

ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കും.