പൊയിനാച്ചി (കാസർകോട്): 'മകനില്ലാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ല. ഞങ്ങളും പോകുന്നു. അവനെ അടക്കം ചെയ്തിടത്തുതന്നെ ഞങ്ങളെയും അടക്കണം....' പ്രതീക്ഷയായിരുന്ന ഏക മകന്റെ ആകസ്മികമരണത്തിൽ മനസ്സുലഞ്ഞ് 74 ദിവസം കഴിഞ്ഞ പൊയിനാച്ചിപ്പറമ്പ് കൈരളി നഗറിലെ കെ.വേണുഗോപാലനും (വേണു മുനമ്പം-50), ഭാര്യ എം.സ്മിത(39)യും വെവ്വേറെ കത്തെഴുതിവെച്ചാണ് യാത്രയായത്.

To advertise here,

ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിച്ച് കൂടെയുണ്ടായിട്ടും കടുംകൈ ചെയ്തതിൽ നടുങ്ങിയിരിക്കുകയാണ് നാട്. ഇവരുടെ വിടവാങ്ങൽ നാട്ടുകാർക്ക് ഉണ്ടാക്കിയ മാനസികാഘാതവും ചെറുതല്ല. നാട്ടിലെ പ്രവർത്തനങ്ങളിൽ മുഴുവൻ സക്രിയരായിരുന്ന ദമ്പതിമാർ മകന്റെ മരണശേഷം പുറത്തിറങ്ങിയിരുന്നില്ല. ഡിസംബർ 29-ന് രാത്രി ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകവെയാണ് എൻജിനിയറിങ് വിദ്യാർഥിയായിരുന്ന മകൻ എം.ശിവനന്ദൻ റെയിൽപ്പാളം കടക്കുന്നതിനിടയിൽ അബദ്ധത്തിൽ തീവണ്ടി തട്ടി മരിച്ചത്. അതിനുശേഷം വേണുഗോപാലന്റെ അച്ഛനും അമ്മയും സ്മിതയുടെ അമ്മയും സഹോദരങ്ങളും മാറിമാറി വീട്ടിൽ കൂടെയുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് സ്മിതയുടെ അമ്മ പരവനടുക്കം കൈന്താറിലെ വീട്ടിലേക്ക് പോയത്. വേണുവിന്റെ സഹോദരിയുടെ മകൻ പകരം വീട്ടിലെത്തിയിരുന്നെങ്കിലും രാത്രി 9.20-ന് തിരിച്ചുപോയ ശേഷമാണ് സംഭവം. പതിവായി വേണുവിനെ വിളിക്കാറുള്ള സുഹൃത്ത് വെള്ളിയാഴ്ച രാവിലെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. വീടിനടുത്ത് താമസിക്കുന്ന ചിലരെ വിവരമറിയിച്ച് ചെന്നുനോക്കിയപ്പോൾ വീടിന്റെ മുൻവാതിലും അടുക്കളവാതിലും പൂട്ടിയ നിലയിലായിരുന്നു.

ഫോൺ അകത്തുനിന്ന് ശബ്ദിക്കുന്നതിനാൽ സംശയം തോന്നി അടുക്കളവാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്. സമീപത്തെ സോഫയിൽ കുറിപ്പും എഴുതിവെച്ചിരുന്നു. വ്യാഴാഴ്ച രാത്രി വേണു മകന്റെ ചെറുപ്പംതൊട്ടുള്ള ഫോട്ടോകൾ ചേർത്ത് വാട്സാപ്പ് സ്റ്റാറ്റസും പങ്കുവെച്ചിരുന്നു.

ഏകമകൻ തീവണ്ടിതട്ടി മരിച്ച മനോവിഷമത്തിൽ ദമ്പതിമാർ ജീവനൊടുക്കി

ഏകമകൻ അബദ്ധത്തിൽ തീവണ്ടിതട്ടി മരിച്ച മനോവിഷമത്തിൽ കഴിഞ്ഞിരുന്ന ദമ്പതിമാർ ജീവനൊടുക്കി. പൊയിനാച്ചിപ്പറമ്പ് കൈരളിനഗർ 'ശിവ'ത്തിൽ കാമലോൻ വേണുഗോപാലൻ നായർ (50), ഭാര്യ മുല്ലച്ചേരി സ്മിത (39) എന്നിവരാണ് മരിച്ചത്. വീടിന്റെ സെൻട്രൽ ഹാളിലെ ഹാൻഡ് റെയിലിന്റെ കാലിൽ തൂങ്ങിയനിലയിൽ വെള്ളിയാഴ്ച രാവിലെ 9.35-നാണ് ഇവരെ കണ്ടത്.

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ ഗാനമേള കാണാൻ സുഹൃത്തുക്കളോടൊപ്പം പോകവെ ഡിസംബർ 29-നാണ് മകൻ എം. ശിവനന്ദൻ (19) മരിച്ചത്‌. ബീച്ചിന് സമീപത്തെ റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടയിൽ തീവണ്ടി തട്ടിയായിരുന്നു മരണം. മംഗളൂരു സഹ്യാദ്രി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബി.ടെക്. വിദ്യാർഥിയായിരുന്നു ശിവനന്ദൻ. സംഭവത്തിനുശേഷം ഇരുവരും കടുത്ത മാനസികവിഷമത്തിലായിരുന്നതിനാൽ ബന്ധുക്കൾ മാറിമാറി വീട്ടിൽ കൂട്ടിനുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.

ഇരുവരും വെവ്വേറെ കത്തെഴുതി വെച്ചാണ് ജീവനൊടുക്കിയത്. 'മകനില്ലാതെ തങ്ങൾക്ക് ജീവിക്കാനാകില്ല. മകനെ അടക്കം ചെയ്തതിനുസമീപം തന്നെ തങ്ങളെയും അടക്കം ചെയ്യണ'മെന്നുമാണ് കത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു. പൊയിനാച്ചിയിലും ചട്ടഞ്ചാലിലും പ്രവർത്തിക്കുന്ന 'റിയ ട്രാവൽസ്' ഉടമയാണ് വേണുഗോപാലൻ.

കൊളത്തൂർ മുനമ്പത്തെ ഇടയില്യം മാധവൻ നായരുടെയും കാമലോൻ രുദ്രാണിയമ്മയുടെയും മകനാണ് വേണുഗോപാലൻ നായർ. സഹോദരങ്ങൾ: കെ. മധുസൂദനൻ, കെ. മാലിനി (റാസൽഖൈമ). പരവനടുക്കം കൈന്താറിലെ പരേതനായ മേലത്ത് ചന്തുക്കുട്ടി നായരുടെയും മുല്ലച്ചേരി ജാനകിയുടെയും മകളാണ് സ്മിത. സഹോദരങ്ങൾ: എം. മനോജ്, എം. മഹേഷ്.

മൃതദേഹങ്ങൾ കാസർകോട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ സംസ്കരിക്കും.

(ശ്രദ്ധിക്കുക: ആത്മഹതÿ ഒന്നിനും പരിഹാരമല്ല. മാനസികാേരാഗÿ വിദഗ്ധരുടെസഹായം തേടുക. അതിജീവിക്കാം. വിളിക്കാം: 04712 552056.)