
കൊച്ചി: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന് എംപി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കരുവന്നൂര്‍ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ രേഖകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ക്ക് എന്താണ് ചോദിക്കാനുള്ളതെന്ന് അറിയില്ലെന്നും ചോദിക്കാനുള്ളത് ചോദിക്കട്ടേയെന്നും അദ്ദേഹം കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കെ രാധാകൃഷ്ണന് എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തേ രണ്ട് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആ അവസരങ്ങളില്‍ പാര്‍ലമെന്റ് നടക്കുന്നതിനാലും പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടായിരുന്നതിനാലും എംപി അസൗകര്യം അറിയിച്ചിരുന്നു. തിങ്കളാഴ്ച മധുരയില്‍നിന്ന് തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സജീവമായിരുന്നു എംപി. ഇതിനു ശേഷമാണ് ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരായത്.
കെ.രാധാകൃഷ്ണന് മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെയും ഇഡി ചോദ്യം ചെയ്യുന്നത്.
Content Highlights: K Radhakrishnan MP appeared before the ED in Kochi regarding the Karuvannur bank case
Published: 08 Apr 2025, 11:34 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented