തൃശ്ശൂർ: കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. മുഴുവൻ സീറ്റുകളും എൽഡിഎഫ് നേടി.

To advertise here,

11 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ടു സീറ്റിൽ നേരത്തെ സി.പി.എം. സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സി.പി.എമ്മും ബി.ജെ.പി.യുമാണുണ്ടായിരുന്നത്.

മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്. തുടർന്നാണ് ഫലം പ്രഖ്യാപിച്ചത്.

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബാങ്കിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. മൊത്തമുള്ള 15,000 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്. എന്നാൽ, 2016-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്. ഇത്തവണ മൂവായിരത്തോളം പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്.

ബാങ്കിന്റെ ഭരണം നിലനിർത്തേണ്ടത് അഭിമാനപ്രശ്‌നമായിക്കണ്ട് സി.പി.എം. ശക്തമായ പ്രചരണമാണ് നടത്തിയത്.