
തൃശ്ശൂർ: കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച. 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സി.പി.എം. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സി.പി.എമ്മും ബി.ജെ.പി.യുമാണുള്ളത്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകീട്ടോടെ അറിയും.
പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബാങ്കിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. മൊത്തമുള്ള 15,000 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്. എന്നാൽ, 2016-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്. ഇത്തവണ പ്രതിഷേധം കാരണം 2,000 പേർ മാത്രമേ വോട്ടു ചെയ്യൂവെന്നും അതു തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ബി.െജ.പി.യുടെ പ്രതീക്ഷ.
എന്നാൽ, ബാങ്കിന്റെ ഭരണം നിലനിർത്തേണ്ടത് അഭിമാനപ്രശ്‌നമായിക്കണ്ട് സി.പി.എം. കടുത്ത പ്രചാരണത്തിലാണ്. പ്രതിസന്ധിയിൽനിന്ന് ബാങ്ക് ഇനിയും കരകയറിയിട്ടില്ലാത്തതിനാൽ വോട്ടുകൾ മറുപക്ഷത്തേക്കു പോകുമോയെന്ന ആശങ്കയുമുണ്ട്.
ഉറച്ച പാർട്ടിപ്രവർത്തകർ വോട്ടുചെയ്യാനെത്തുമെന്നും അത് തങ്ങൾക്കനുകൂലമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സി.പി.എം. അതേസമയം ബി.ജെ.പി.യും ആത്മവിശ്വാസത്തിലാണ്. വോട്ടുചെയ്യാനെത്തുന്നവർ ബാങ്ക് തകർത്തവരോട് പകരം ചോദിക്കാനെത്തുന്നവരാണെന്നും അതിനാൽ വോട്ടുകളെല്ലാം തങ്ങൾക്കനുകൂലമാകുമെന്നുമാണ് ബി.ജെ.പി. കരുതുന്നത്.
Published: 22 Feb 2026, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented