കണ്ണൂര്‍: താവക്കര കാംപസില്‍ സെമിനാര്‍ കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല അക്രഡിറ്റഡ് ഏജന്‍സികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കാതെ നേരിട്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി കഴിഞ്ഞ് നാലുവര്‍ഷമായിട്ടും പണി പൂര്‍ത്തിയാക്കിയില്ലെന്നും 2022-23-ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018-ല്‍ കരാര്‍ നല്‍കുമ്പോള്‍ 15 മാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. 5.44 കോടി രൂപയുടെ അടങ്കല്‍ത്തുക 2021-ല്‍ 6.04 കോടിയായി പരിഷ്‌കരിക്കുകയും ചെയ്തു. ഊരാളുങ്കലിന് അഞ്ച് ബില്ലുകളിലായി 4.75 കോടി രൂപ നല്‍കി. എന്നിട്ടും നിര്‍മാണം തുടങ്ങാന്‍ ബാക്കിയുള്ള ഒന്ന്, രണ്ട്, മൂന്ന് നിലകളുടെയും ടെറസിന്റെയും അടങ്കല്‍പോലും തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

To advertise here,

സെമിനാര്‍ കെട്ടിടസമുച്ചയം നിര്‍മിക്കുന്ന സ്ഥലത്തിലൂടെ 2022 ഫെബ്രുവരിയില്‍ കെ-റെയില്‍ പദ്ധതി രൂപരേഖയുടെ ഭാഗമായുള്ള അതിര്‍ത്തിക്കല്ല് സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് പണി നിര്‍ത്തിവെച്ചു. രൂപരേഖയില്‍ മാറ്റം വരുത്താതെ പണി പുനരാരാംഭിക്കാന്‍ 2022 ഓഗസ്റ്റിലെ സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കിയിരുന്നു.

കേന്ദ്രപദ്ധതിയായ റൂസയില്‍നിന്ന് ആദ്യഘട്ടമായി അനുവദിച്ച തുക ഉപയോഗിച്ചുള്ള നിര്‍മാണമാണ് താഴത്തെ നിലയുടേതെന്നും മുറികളില്‍ സജ്ജീകരണങ്ങളൊരുക്കുന്ന പണിയാണ് ബാക്കിയുള്ളതെന്നും സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നു. രണ്ടാംഘട്ടമായി റൂസ അനുവദിച്ച തുക ഉപയോഗിച്ച് ബാക്കി രണ്ടുനിലകളുടെ പണി വൈകാതെ തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.