തിരുവനന്തപുരം: കണ്ണൂരിൽനിന്ന് മൂന്നാർവരെ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ലഭിച്ചത് വെറും 355 രൂപ മാത്രം വരുമാനം. ഏകദേശം 397 കിലോമീറ്റർ സർവീസ് നടത്തിയ ബസിൽ ആകെ യാത്രചെയ്തതാകട്ടെ വെറും മൂന്നുപേർ മാത്രം. ഡീസലിനുള്ള അടിസ്ഥാന തുക പോലും ലഭിക്കാത്ത രീതിയിൽ വൻ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ കെഎസ്ആർടിസി സമഗ്ര അന്വേഷണം ആരംഭിച്ചു.

To advertise here,

ഓണക്കാലത്തെ അധിക സർവീസിന്റെ ഭാഗമായാണ് ബസ് മൂന്നാർ ഡിപ്പോയിൽനിന്ന് കണ്ണൂരിലേക്ക് അയച്ചത്. ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ അനുഭവപ്പെട്ട വലിയ യാത്രാത്തിരക്ക് പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ഓണം സീസൺ അവസാനിച്ചതോടെ ബസ് മൂന്നാറിലേക്ക് തിരിച്ചെത്തിക്കുന്നതിനായി കഴിഞ്ഞദിവസം ഡിപ്പോയിൽനിന്ന് ഒരു ഡ്രൈവറെയും കണ്ടക്ടറെയും ടിക്കറ്റ് മെഷീൻ സഹിതം മൂന്നാറിലേക്ക് അയച്ചു. സാധാരണയായി അവധി ദിവസങ്ങൾക്ക് ശേഷമുള്ള മടക്കയാത്രയിൽ വലിയ യാത്രാത്തിരക്ക് അനുഭവപ്പെടാറുണ്ട്.

എന്നാൽ, മൂന്നാർ ഡിപ്പോയിലെത്തി റിപ്പോർട്ട് നൽകിയപ്പോഴാണ് ബസിന്റെ വരുമാനം ഉദ്യോഗസ്ഥർ പരിശോധിച്ചത്. 397 കിലോമീറ്റർ ഓടിയ ബസിന് ലഭിച്ചത് വെറും 355 രൂപ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്ര വലിയ കുറവുണ്ടായ സാഹചര്യത്തിലാണ് കെഎസ്ആർടിസി വിശദമായ അന്വേഷണം ആരംഭിച്ചത്. സർവീസ് അനുവദിച്ചതിലെ നടപടിക്രമങ്ങളും യാത്രക്കാരുടെ ലഭ്യത സംബന്ധിച്ച വിലയിരുത്തലുകളും പരിശോധിക്കും.