
തിരുവനന്തപുരം:ബോർഡ്, കോർപ്പറേഷൻ നേതൃപദവി നിയമനത്തിന് സീനിയോറിറ്റിയും അർഹതയുണ്ടായിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റുലഭിക്കാഞ്ഞതും പ്രധാനയോഗ്യതയാകും. സീനിയർ നേതാക്കളെത്തന്നെ പ്രധാനസ്ഥാപനങ്ങളിൽ നിയമിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ ശക്തമായ അഭിപ്രായം ഉയർന്നിരുന്നു. ചുമതല നിർവഹിക്കുന്നതിനുള്ള യോഗ്യതയും പരിഗണിക്കും.
ഇടതുപക്ഷ മേൽക്കൈയുള്ള മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും ഭാവിയിൽ മത്സരിക്കാൻ അവസരംലഭിക്കാനിടയില്ലാത്തവർക്കും മുൻഗണന നൽകും. പാർട്ടിയിൽ അടിയുറച്ചുനിന്ന് പ്രവർത്തിക്കുന്നവരും കാലങ്ങളായി ഒരുപദവിയും ലഭിക്കാത്തവരും പരിഗണിക്കപ്പെടും. ഡി.സി.സി. ഭാരവാഹിത്വംവരെയുള്ളവരെയാകും പരിഗണിക്കുക. സാമുദായിക നേതൃത്വത്തിൽനിന്ന് സമ്മർദമുണ്ടാകുമെങ്കിലും പാർട്ടിയിലെ പങ്കാളിത്തംകൂടി നോക്കിയേ നിർദേശിക്കപ്പെടുന്നവരുടെ കാര്യത്തിൽ തീരുമാനമെടുക്കൂ.
രാഷ്ട്രീയനിയമനങ്ങൾ നടത്താവുന്ന സ്ഥാപനങ്ങളുടെ എണ്ണം 150-ഓളം വരുമെന്നാണ് ഏകദേശകണക്ക്. എല്ലാമന്ത്രിമാരോടും അവരവരുടെ വകുപ്പുകളിലുള്ള സ്ഥാപനം സംബന്ധിച്ച വിശദാംശം യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. എം.എൽ.എ.മാരുടെ എണ്ണത്തിന് അനുസരിച്ച് ഓരോപാർട്ടിക്കും വിഹിതം ലഭിക്കണമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവെയ്ക്കും. 63 എം.എൽ.എ.മാരുള്ള കോൺഗ്രസിന് മുൻകാലങ്ങളിൽ ലഭിച്ചതിനെക്കാൾ കൂടുതൽ സ്ഥാനത്തിന് അർഹതയുണ്ടെന്നാണ് വാദം. കോൺഗ്രസിന് ചെയർമാൻ, പ്രസിഡന്റ് സ്ഥാനം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ഘടകകക്ഷികൾക്ക് അംഗത്വംനൽകും. ഈ ക്രമീകരണം തിരിച്ചുമുണ്ടാകും.
ഭരണപരിഷ്‌കാര കമ്മിഷൻ വേണ്ടെന്നു വെക്കണമെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്. കാബിനറ്റ് റാങ്കോടെ ചെയർമാനെയടക്കം നിയമിക്കുന്ന ഈ സംവിധാനം ഒഴിവാക്കുന്നത് ചെലവുചുരുക്കലിന്റെ സന്ദേശം നൽകുമെന്നാണ് പൊതുവേ ഉയർന്ന ആവശ്യം.
സീറ്റുലഭിക്കാത്ത ഘടകകക്ഷികൾ, ഘടകകക്ഷികളിലെ പ്രത്യേകപരിഗണന നൽകേണ്ട മുതിർന്ന നേതാക്കൾ എന്നിവരെയും മനസ്സിൽകണ്ടായിരിക്കും പദവി വിഭജനം. സെപ്റ്റംബറോടെ നിയമനം പൂർത്തിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Content Highlights: Seniority and qualifications will be the primary criteria for board and corporation appointments., Priority will be given to leaders who missed election seats despite strong performance., Appointments aim to be completed by September, keeping coalition partners in mind., Proposal to scrap the Administrative Reforms Commission to convey a message of cost-cutting.
Published: 05 Sept 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented