പരിയാരം(കണ്ണൂർ): രോഗിയായ അച്ഛന്റെ കൂട്ടിരിപ്പിനെത്തിയ മകൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയുടെ എട്ടാംനിലയിൽനിന്ന് ചാടിമരിച്ചു. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ വീട്ടിൽ ടോം തോംസൺ (40) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.

To advertise here,

ടോമിന്റെ പിതാവ് തോമസ് ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാംനിലയിലെ വാർഡിൽ ചികിത്സയിലാണ്. നാലുദിവസം മുമ്പാണ് തോമസിനെ ശസ്ത്രക്രിയക്കായി ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

ആസ്പത്രിയിൽ ബഹളമുണ്ടാക്കിയ ടോം സുരക്ഷാജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഏഴാംനിലയിലെ ഏണിപ്പടിക്ക് സമീപത്തുനിന്ന് ജനലിലൂടെ പുറത്തേക്ക് കടന്നു. ഇതോടെ ആസ്പത്രി അധികൃതർ പയ്യന്നൂർ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് അഗ്‌നിരക്ഷാസേന താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടയിൽ മുകളിലേക്ക് കയറിയ ടോം വലയില്ലാത്ത ഭാഗത്തേക്ക് ചാടുകയായിരുന്നു. ഉടൻ സേനാംഗങ്ങൾ മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചു. പരിയാരം പോലീസ് കേസെടുത്തു. ടോം തോസണും ഭാര്യയും തമ്മിൽ വിവാഹമോചനക്കേസ് നടക്കുന്നുണ്ട്. അമ്മ: ത്രേസ്യാമ്മ. ഭാര്യ: ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ. സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.

മെഡിക്കൽ കോളേജ് പരിഭ്രാന്തിയിലായ മണിക്കൂറുകൾ

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയെ രണ്ട് മണിക്കൂറിലേറെ പരിഭ്രാന്തിയിലാക്കിയ ശേഷമായിരുന്നു ടോം തോംസണിന്റെ മരണം. വെള്ളിയാഴ്ച അർധരാത്രിയോടെയൊയിരുന്നു ടോം പിതാവ് കഴിയുന്ന വാർഡിൽ ബഹളം തുടങ്ങിയത്. പാട്ടും ഉറക്കെയുള്ള വർത്തമാനവുമായിട്ടായിരുന്നു തുടക്കം. ബഹളം തുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലായി. ഭീകരാന്തരീക്ഷമുണ്ടാക്കാൻ ശ്രമിച്ചതോടെ സുരക്ഷാജീവനക്കാർ ഇടപെട്ടു. അതിനുശേഷമാണ് ടോം ആറാമത്തെ നിലയിലേക്ക് ഇറങ്ങിയത്. അവിടെയാണ് അതിതീവ്ര പരിചരണവിഭാഗം. അതിന്റെ പുറത്തെ ജനാലകളിൽ ശക്തമായി ഇടിക്കാൻ തുടങ്ങി. ഒരു ജനാലയുടെ ചില്ല് കൈകൊണ്ട് ഇടിച്ച് പൊട്ടിച്ചു.

ചില്ലുകഷ്ണങ്ങൾ ഐസിയുവിലേക്കെറിഞ്ഞു

ജനാലയുടെ അടുത്ത് കിടത്തിയിരുന്ന രോഗിയെ ആക്രമിക്കുമോയെന്ന ഭയത്തിൽ ഉടൻ നഴ്സുമാർ മറ്റൊരു ഭാഗത്തേക്ക് മാറ്റി. പൊട്ടിയ ജനാലച്ചില്ലുകളെടുത്ത് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് (ഐസിയു) വലിച്ചെറിയാൻ തുടങ്ങി. അതിതീവ്ര പരിചരണവിഭാഗത്തിന് പുറത്തെ ബഹളം തുടങ്ങിയപ്പോൾത്തന്നെ ജീവനക്കാർ പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.

പിടിച്ചുമാറ്റാൻ സുരക്ഷാജീവനക്കാരെത്തിയതോടെ ടോം ഐസിയു ബ്ലോക്കിൽനിന്ന് ഏഴാം നിലയിലേക്ക് കയറി. സുരക്ഷാജീവനക്കാരും അഗ്‌നിരക്ഷാജീവനക്കാരും മറ്റും ചേർന്ന് ടോമിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പുറത്തേക്ക് ചാടുമെന്ന ഭീഷണി മുഴക്കിയപ്പോൾ താഴെ വലവിരിച്ച് അഗ്‌നിരക്ഷാസേന നിലയുറപ്പിച്ചു. അത് കണ്ടതോടെ ആ നിലയിലുള്ള ഇരുമ്പ് ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ എട്ടാം നിലയിലേക്ക് കയറി. കുറച്ചുകഴിഞ്ഞ് താഴെ രക്ഷാപ്രവർത്തനം നടത്താത്ത ഭാഗത്തേക്ക് ചാടുകയായിരുന്നു. രണ്ട് കെട്ടിടങ്ങൾക്കിടയിലായി താഴെ വലിയ പൈപ്പുകളും മറ്റുമുള്ള സ്ഥലത്താണ് ടോം വീണത്. അഗ്‌നിരക്ഷാസേനാ ജീവനക്കാരും മറ്റും എത്തുമ്പോഴേക്കും മരിച്ചിരുന്നു.

'ഭ്രാന്തമായി പെരുമാറി'

ഭ്രാന്തമായ അവസ്ഥയിലാണ് ടോം പെരുമാറിയതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. വളരെ ചെറിയ വിടവിലൂടെ മുകൾനിലയിലേക്ക് കയറാൻ സാധാരണ ബോധമുള്ളവർക്ക് കഴിയില്ല. രക്തസാമ്പിളുകളുടെ ഫൊറൻസിക് റിപ്പോർട്ട് കിട്ടിയാലേ ആക്രമണോത്സുകത പ്രകടിപ്പിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാകൂവെന്നും സൂപ്രണ്ട് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)