
ഇരിട്ടി : മുപ്പതുകോൽ താഴ്ചയുള്ള കിണറ്റിൽ ജീവിതത്തിനും മരണത്തിനുമിടയിൽ അറുപതുകാരൻ പടവിൽ തൂങ്ങിനിന്നത് ഒരുരാത്രി മുഴുവൻ. വിളക്കോട് ചാക്കാട്ടെ വേലിക്കോത്ത് ഹൗസിൽ വി.കെ. മുഹമ്മദ് (60) ആണ് ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി തിരിച്ചുകയറാനാകാതെ ഒരു രാത്രി മുഴുവൻ കുടുങ്ങിയത്. ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വന്തം ജീവൻ തിരിച്ചുകിട്ടിയെങ്കിലും ആടിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച വൈകീട്ടാണ് മുഹമ്മദ് ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയത്. മുഹമ്മദിന്റെ ആടിനെ വീടിന് അകലെയുള്ള വ്യക്തിയുടെ റബ്ബർത്തോട്ടത്തിൻ മേയാൻ വിട്ടതായിരുന്നു. വൈകീട്ട് നാലുമണിയായിട്ടും ആടിനെ കാണാത്തതിനെതുടർന്ന് തിരയുന്നതിനിടെയാണ് തൊട്ടടുത്ത ആൾമറയില്ലാത്ത കിണറ്റിൽനിന്ന് ആടിന്റെ കരച്ചിൽ കേട്ടത്.
ഉടൻ ആടിനെ രക്ഷിക്കാനായി 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങിയ മുഹമ്മദിന് ആടിനെയുമെടുത്ത് തിരിച്ചുകയറാനായില്ല. തുടർന്ന് അലറിവിളിച്ചും ഒച്ചയെടുത്തും നിലവിളിച്ചും ശബ്ദമുണ്ടാക്കിയെങ്കിലും ആൾപ്പാർപ്പില്ലാത്ത വിജനമായ സ്ഥലത്ത് ആരും രക്ഷയ്ക്കെത്തിയില്ല. രാത്രിയായിട്ടും മുഹമ്മദിനെയും ആടിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും അയൽവാസികളും സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ശനിയാഴ്ച പുലർച്ചെ മൂന്നോടെ റബ്ബർടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ മുഹമ്മദിന്റെ നിലവിളികേട്ട് കിണറ്റിൻകരയിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ബെന്നി ദേവസ്യയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളായ ഇ.ജെ. മത്തായി, ഷാലോ സത്യൻ, കെ. ധനിഷ്, അനിഷ് പാലവിള, എ.പി. ആഷിഖ്, ഹോം ഗാർഡുമാരായ വി. രമേശൻ, പി.കെ. രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി.
ഒരു രാത്രി മുഴുവൻ രക്ഷകരെ കാത്ത് കിണറ്റിൻ പടവിൽപിടിച്ചുനിന്ന മുഹമ്മദിനെയും ആടിനെയും കരയ്ക്കെത്തിച്ചെങ്കിലും കിണറ്റിൽ വീണ ആട് ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് ചത്തിരുന്നു.
Content Highlights: A 60-year-old man spent a night trapped in a 30-foot well while trying to rescue his goat
Published: 08 Dec 2024, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented