പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ ശസ്ത്രക്രിയ ആവശ്യമാണെന്നും സർക്കാർ ഏറ്റെടുത്ത ശേഷമുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

സഹകരണമേഖലയിൽനിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻതന്നെ പഠിച്ച് റിപ്പോർട്ട് നൽകിയാൽ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി. വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാരുടെ പ്രതിനിധികൾ, വിദ്യാർഥിപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്ക് മന്ത്രി മറുപടി നൽകി.

മെഡിക്കൽ കോളേജിന് ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കും. ആരോഗ്യവകുപ്പിന്റെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും പഴയ കരിവണ്ടിയിലാണ് സഞ്ചരിക്കുന്നത്. സ്റ്റാഫ് പാറ്റേൺ പുതുക്കും. റീ ഓപ്ഷൻ പരിഗണിക്കും. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യം നൽകും.

ഡെന്റൽ കോളേജ്, നഴ്‌സിങ് കോളേജ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രിൻസിപ്പൽമാരെ നിയമിക്കും. ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ മരുന്ന് തടസ്സപ്പെടുത്തില്ലെന്ന് മന്ത്രി പറഞ്ഞു. ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്നും നന്നായി ജോലിചെയ്യുന്ന ആരെയും പിരിച്ചുവിടില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

വിദ്യാർഥികൾക്ക് പുതിയ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. എം.പി., എം.എൽ.എ. ഫണ്ടുകൾ, സി.എസ്.ആർ. ഫണ്ടുകൾ എന്നിവ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ടി.മാധവൻ, ഡി.എം.ഇ. ഡോ. കെ.വി.വിശ്വനാഥൻ, പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷീബാ ദാമോദർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ആർ.എം.ഒ. ഡോ. ജ്യോതി ദാമോദർ തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യമേഖലയെ കരിവണ്ടി യുഗത്തിൽനിന്ന് വന്ദേഭാരത് കാലത്തേക്ക് മാറ്റും

ആരോഗ്യമേഖലയെ കരിവണ്ടിയുഗത്തിൽനിന്ന് വന്ദേഭാരത് കാലത്തേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പിലാത്തറ ഹെൽത്ത് ഓറിയന്റഡ് പ്രോജക്ട് എസ്റ്റാബ്ലിഷ്മെന്റ്‌സ് (ഹോപ്പ്) 22-ാം വാർഷികവും സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയിൽ പ്രശ്‌നങ്ങളേറെയുണ്ട്. സമഗ്രമാറ്റം ഘട്ടംഘട്ടമായി നടപ്പാക്കും. ഭിന്നശേഷി പുനരധിവാസമേഖലയിൽ സർക്കാർ സഹായത്തിലുപരി ജനങ്ങളുടെ പൂർണ സഹായസഹകരണം അത്യാവശ്യമാണ്. സർക്കാർ മാനസികാരോഗ്യ ആസ്പത്രികളിൽനിന്ന് രോഗം ഭേദപ്പെട്ടവരെ ഏറ്റെടുക്കാൻപോലും മടി കാണിക്കുന്നവർ ഏറെയാണ്. മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.