
തിരുവനന്തപുരം: ആവശ്യവും കെട്ടിടസൗകര്യവും നോക്കാതെ ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ 450 കോടിയുടെ ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിൽ വെറുതേ കിടക്കുന്നു. ഇതിൽ ഏറെയും വാങ്ങിയത് കഴിഞ്ഞ പത്തുവർഷത്തിനിടെ. 1252 ഉപകരണങ്ങളാണ് 215 ആശുപത്രികളിൽ പൊടിപിടിച്ചുകിടക്കുന്നത്. 222 എണ്ണം സ്ഥാപിച്ചിട്ടുപോലുമില്ല. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
27 ആശുപത്രികളിലായി നൽകിയ 198 വെന്റിലേറ്ററുകൾ ഉപയോഗിക്കുന്നില്ല. 98 ഹൈ ഫ്ലോ നേസൽ കാനുലകളും 98 മൾട്ടിപാര മോണിറ്ററുകളും 40 സിപാപ് യന്ത്രങ്ങളും നൂറിലേറെ സിറിഞ്ച് പമ്പുകളും ആർക്കും ഉപയോഗമില്ലാതെയിരിക്കുന്നു.
ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ, 240 എണ്ണം. തിരുവനന്തപുരം (163), തൃശ്ശൂർ (151), എറണാകുളം (134), കൊല്ലം (110) എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ. ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വെറുതേയിരിക്കുന്നത് എറണാകുളം ആലുവ ജില്ലാ ആശുപത്രിയിലാണ്, നൂറെണ്ണം
പകുതിയും കോവിഡ് കാലത്തേത്
592 ഉപകരണങ്ങൾ കോവിഡ് കാലത്ത് എത്തിച്ചവയാണ്. പിന്നെ ഉപയോഗിക്കാതായി. ഐസൊലേഷൻ വാർഡുകൾ നിർത്തിയതോടെ 14 ആശുപത്രികളിൽ 130 ഉപകരണങ്ങൾ വെറുതേയിട്ടു.
ജീവനക്കാരില്ല, കെട്ടിടമില്ല
ജീവനക്കാരെ നിയമിക്കാതെയും കെട്ടിടം ഒരുക്കാതെയുമാണ് പലയിടത്തും ഉപകരണങ്ങൾ എത്തിച്ചത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം മൂന്നുവർഷമായി അടഞ്ഞുകിടക്കുകയാണ്. 32 ഉപകരണങ്ങൾ വെറുതേയായി.
പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പുതുതായി പണിത കെട്ടിടത്തിൽ ഓപ്പറേഷൻ തിയേറ്ററും ഐ.സി.യു.വുമില്ലാത്തതിനാൽ 39 ഉപകരണങ്ങൾ സ്ഥാപിക്കാനായില്ല.
കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഏഴ് ഡയാലിസിസ് യന്ത്രങ്ങൾ മലിനജല സംസ്കരണ സംവിധാനമില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനാകുന്നില്ല. ത്രീഫേസ് കണക്‌ഷനില്ലാത്തതിനാൽ കൊല്ലം ജില്ലാ ടി.ബി. സെന്ററിലെ എക്സ്റേ യന്ത്രം ആറുവർഷമായി ഉപയോഗിച്ചിട്ടില്ല.
കാൽനൂറ്റാണ്ടായി ഉപയോഗിക്കാതെ ഒരു എക്സ്റേ യന്ത്രം
372 ഉപകരണങ്ങൾ അഞ്ചുവർഷമോ അതിലേറെയോ ആയി വെറുതേയിരിക്കുന്നു. എറണാകുളം പല്ലാരിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിലെ എക്സ്റേ യന്ത്രം 25 വർഷമായി ഉപയോഗിച്ചിട്ടില്ല. കെട്ടിടം അനുയോജ്യമല്ലെന്നതാണ് കാരണം.
മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒരു ഐ.സി.യു. വെന്റിലേറ്റർ 15 വർഷമായി വെറുതേയിരിക്കുന്നു. വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ 12 വർഷമായി ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടക്കുന്നില്ല. വാങ്ങിയ ഉപകരണങ്ങൾ കെട്ടിക്കിടക്കുന്നു.
ആവശ്യമില്ലാതെയും വാങ്ങി
ഇൻകുബേറ്ററും വാട്ടർബാത്തും അടങ്ങിയ ബയോകെമിസ്ട്രി അനലൈസറുകൾ ഉണ്ടെന്നിരിക്കെ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് വീണ്ടും 53 വാട്ടർബാത്തുകളും 41 ലാബ് ഇൻകുബേറ്ററുകളും എത്തിച്ചു.
Content Highlights: The health department in Kerala has accumulated medical equipment worth 450 crore rupees, much of which remains unused in government hospitals due to a lack of infrastructure and personnel. A significant portion of the unused equipment was acquired during the COVID-19 pandemic, with 592 items now idle, and many hospitals lacking the necessary facilities to utilize them.
Published: 12 Oct 2026, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented