കണ്ണൂർ: മൂന്ന് മാസത്തിനിടെ നാലാമതൊരു കർഷകൻകൂടി ആത്മഹത്യ ചെയ്തതോടെ മലയോരവും കാർഷികമേഖലയും നടുങ്ങി. നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ നൂലിട്ടാമലയിൽ ഇടപ്പാറക്കൽ ജോസാണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്.

To advertise here,

ശ്രീകണ്ഠപുരത്തെ മറ്റത്തിൽ ജോസഫ്, കൊളക്കാട്ടെ എം.ആർ.ആൽബർട്ട്, മുടിക്കയത്തെ സുബ്രഹ്മണ്യൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ആത്മഹത്യ ചെയ്ത കർഷകർ. കാലാവസ്ഥാവ്യതിയാനവും കടക്കെണിയും വന്യമൃഗശല്യവും കാരണം നിൽക്കക്കള്ളിയില്ലാതെയായിരിക്കുകയാണ് മറ്റ് കർഷകർ. കാലം തെറ്റിയ മഴ മാവ്, കശുമാവ് എന്നിവയ്ക്ക് ഭീഷണിയായി. കപ്പ ഉണക്കേണ്ട സമയമാണ്. അവ ഉണക്കാനാകാതെ കേടായിപ്പോകുകയാണ്. നാളികേരവും ഉണക്കാനാകുന്നില്ല. അടയ്ക്കയുടെ വിലയിടിഞ്ഞു തുടങ്ങി. റബ്ബറിന്റെ വിലയിടിവും ടാപ്പിങ്ങിന് ആളെ കിട്ടാത്തതും കൂലിവർധനയും ഈ മേഖലയുടെ തകർച്ചയിലേക്ക് നയിക്കുകയാണ്. റബ്ബർ കർഷകർക്ക് വില ലഭിക്കുന്നില്ലെങ്കിലും ടയർ കമ്പനികളുടെ ലാഭം ഓരോ വർഷവും കുതിച്ചുയരുകയാണ്.

ജപ്തിനടപടികൾ തുറിച്ചുനോക്കുന്നു

വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാകുന്നില്ലെന്നുമാത്രമല്ല, അടിക്കടി കൂടിവരികയാണ്. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെങ്കിലും നിബന്ധനകൾ കർശനമായതിനാൽ നടപ്പാക്കാനാകുന്നില്ല. വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാകാതെ വലയുകയാണ് കർഷകർ. അവർക്ക് മുന്നിൽ ബാങ്ക് ജപ്തിനടപടികൾ തുറിച്ചുനോക്കുമ്പോൾ ആശങ്ക പെരുകുകയാണ്. കുറച്ചുകാലമായി കുടിയിറക്കത്തിന് ആക്കം കൂടിയിരിക്കുകയാണ്. പലരും കൃഷിയിടം വനമേഖലയായി വിട്ടുകൊടുക്കാൻ തയ്യാറാണെങ്കിലും മതിയായ നഷ്ടപരിഹാരം കിട്ടാത്താതിനാൽ അതിനുകഴിയുന്നില്ല. വിദേശത്തുപോയി ജീവിതം കരയ്ക്കടുപ്പിക്കാനുള്ള സാഹചര്യവും പഴയതുപോലെയില്ല.

കർഷകരോഷം അണപൊട്ടി

കഴിഞ്ഞദിവസം കളക്ടറേറ്റിന് മുന്നിൽ കർഷകർ നടത്തിയ സമരത്തിൽ കർഷകരോഷം അണപൊട്ടിയിരുന്നു. ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. പൊതുവെ സമരത്തിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നവരാണ് കർഷകർ. എന്നാൽ നേരേ മറിച്ചായിരുന്നു സമരത്തിൽ കണ്ട കർഷകരുടെ പങ്കാളിത്തം വ്യക്തമാക്കിയത്.

കണ്ണീരിൽ കുതിർന്ന് കർഷകരോദനം

നടുവിൽ: പാത്തൻപാറ നൂലിട്ടാമലയിലെ വാഴ കർഷകൻ ഇടപ്പാറക്കൽ ജോസ് ജീവിതം അവസാനിപ്പിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്തതിന്റെ മനോവ്യഥയിൽ. 10 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സ്വാശ്രയ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്.

രണ്ടേകാൽ ലക്ഷം രൂപ ഒരു സ്വാശ്രയസംഘത്തിൽ വായ്പയുണ്ട്. ഞായറാഴ്ച 20,000 രൂപ കടം വാങ്ങിയ മറ്റൊരാൾക്ക് തിരിച്ചു നൽകണമായിരുന്നു. ഇതിനായി സംഘം ഭാരവാഹികളെ കാണാൻ ചെന്നതായി ബന്ധുക്കൾ പറയുന്നു. മുൻപ് ആവശ്യപ്പെട്ടവർ ഉണ്ടായിരുന്നതിനാൽ സ്വാശ്രയ സംഘത്തിന്റെ പണം കിട്ടിയില്ല. വീട്ടിലേക്ക് തിരിച്ചുപോയ ജോസിനെ കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടത്.

ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും ജോസിന് കടബാധ്യത കുറവാണ്. 15 സെന്റ് ഭൂമി മാത്രമുള്ളതിനാൽ ബാങ്ക് വായ്പകൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞവർഷം സ്ഥലം പാട്ടത്തിനെടുത്ത് 2500 വാഴ കൃഷിചെയ്തിരുന്നു ജോസ്. കടുത്ത വരൾച്ച വാഴകൾ ഉണക്കി നശിപ്പിച്ചു. അവശേഷിച്ചവ കുല വെട്ടാറായപ്പോൾ വിലയും കുത്തനെയിടിഞ്ഞു. പന്നിശല്യം കൊണ്ട് പൊറുതിമുട്ടുന്ന സ്ഥലത്തായിരുന്നു വാഴക്കൃഷി. പന്നികൾ കൂട്ടമായിയെത്തി കൃഷിയിടം കുത്തിമറച്ചിട്ടു. കാലാവസ്ഥാമാറ്റവും കൂടി ആയതോടെ മുന്നോട്ട് പോകാൻ വഴിയില്ലാതാക്കി.

നൂലിട്ടാമല പ്രദേശത്താകെ കാടു കയറിക്കിടക്കുന്ന സ്ഥലങ്ങളാണ് കൂടുതൽ. ഒരു കാലത്ത് കൃഷിയിടങ്ങളായിരുന്നു എല്ലാം. സമീപവാസികളെല്ലാം കുടിയിറങ്ങി താമസം മാറ്റിയപ്പോഴും വർഷങ്ങളായി വിയർപ്പൊഴുക്കിയ മണ്ണിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു ജോസ്.

ജോസിനെ കടക്കെണിയിലാക്കിയത്‌ കൃഷിനാശവും കാട്ടുപന്നിശല്യവും

നടുവിൽ: പാത്തൻപാറ നൂലിട്ടാമലയിൽ ജീവനൊടുക്കിയ കർഷകൻ ഇടപ്പാറക്കൽ ജോസിനെ കടക്കെണിയിലാക്കിയത്‌ കൃഷിനാശവും കാട്ടുപന്നിശല്യവും. സ്വന്തമായുള്ള 15 സെന്റിനുപുറമെ പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും വാഴക്കൃഷി ചെയ്തിരുന്നു. വാഴകൾ ഉണങ്ങി നശിച്ചതാണ് സാമ്പത്തികബാധ്യതയുണ്ടാക്കിയത്. ഇത്തവണ 2,500 വാഴകൾ കൃഷിചെയ്തിരുന്നു. ഇതിലേറെയും പന്നികൾ നശിപ്പിച്ചു.

സഹകരണസ്ഥാപനങ്ങളിലും സ്വാശ്രയസംഘങ്ങളിലും കടബാധ്യതയുണ്ട്. ഞായറാഴ്ച രാവിലെ സ്വാശ്രയസംഘത്തിൽ വായ്പയ്ക്കായി പോയെങ്കിലും കിട്ടിയില്ല. കുടിശ്ശികയടയ്ക്കാൻ ബാക്കിയുള്ളതായിരുന്നു കാരണം. ഉടൻ കാശുമായി വരാമെന്ന്‌ പറഞ്ഞ ജോസിനെ കാണാതായതിനെത്തുടർന്നുള്ള തിരച്ചിലിലാണ് തൊട്ടടുത്തുള്ള കൊക്കോത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സർക്കാർ ഒരുനടപടിയും സ്വീകരിക്കുന്നില്ല -സജീവ് ജോസഫ്

ജില്ലയിൽ തുടർച്ചയായി കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും ഒരുനടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് സജീവ് ജോസഫ് എം.എൽ.എ. ആരോപിച്ചു. കടക്കെണി കാരണം സമീപ കാലത്തായി ആത്മഹത്യ ചെയ്ത മൂന്ന് കർഷകരുടെ കുടുംബാഗങ്ങളെയും സംരക്ഷിക്കാനുള്ള ഒരുനടപടിയുമെടുത്തില്ല. നവകേരള സദസ്സിലടക്കം കുടുംബങ്ങൾ‌ പരാതി നൽകിയിരുന്നു. എന്നിട്ടും അനുകൂലമായ നീക്കം പോലുമില്ലെന്നും എം.എൽ.എ. കുറ്റപ്പെടുത്തി.

സർക്കാർ ഉണരണം -സ്വതന്ത്ര കർഷകസംഘം

ജില്ലയിൽ വർധിച്ചുവരുന്ന കർഷക ആത്മഹത്യകൾക്ക് കാരണമായ ദുരിതങ്ങൾക്ക് അറുതി വരുത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് സ്വതന്ത്രകർഷകസംഘം ആവശ്യപ്പെട്ടു. പരിഹാര നടപടികൾ കൈക്കൊള്ളാനും സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ കർഷക ആത്മഹത്യകൾ വർധിക്കുമെന്നും ജില്ലാ വർക്കിങ് പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ പ്രസ്താവനയിൽ പറഞ്ഞു.

കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നൽകണം’

പാത്തൻപാറയിൽ ആത്മഹത്യചെയ്ത കർഷകൻ നൂലിട്ടാമല എടപ്പാറക്കൽ ജോസിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാർ യാതൊരു മാന്യതയും കൽപ്പിക്കുന്നില്ലെന്നതിന്റെ വലിയ ഉദാഹരണമാണ് ജോസിന്റെ ആത്മഹത്യ. കടബാധ്യത കാരണം ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന ഘട്ടം വന്നപ്പോഴാണ് അദ്ദേഹം ആത്മഹത്യക്ക് മുതിർന്നത് -പ്രസ്താവനയിൽ പറഞ്ഞു.