മണ്ണാർക്കാട്: സ്ഥലത്തിന് തണ്ടപ്പേര് കിട്ടാത്തതിനെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. അഗളി പഞ്ചായത്ത് മുൻ വൈസ്‌പ്രസിഡന്റുകൂടിയായ അഗളി പുലിയറ വണ്ടർകുന്നേൽ വി.കെ. ഗോപാലകൃഷ്ണനാണ് (57) മരിച്ചത്. രണ്ടുതവണ അഗളി പഞ്ചായത്തംഗമായിട്ടുള്ള ഗോപാലകൃഷ്ണൻ രണ്ടരവർഷം അഗളി പഞ്ചായത്ത് വൈസ്‌പ്രസിഡന്റുമായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് തെങ്കരയിലുള്ള വാടകവീട്ടിൽ ഇദ്ദേഹം വിഷംകഴിച്ചതായി സഹോദരൻ പ്രഭാകരനെ ഫോണിൽ വിളിച്ചറിയിച്ചത്. പ്രഭാകരൻ ഉടൻ ഗോപാലകൃഷ്ണന്റെ ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറയുകയും വീട്ടുകാർ ആശുപzത്രിയിലെത്തിക്കുകയുമായിരുന്നു. ആദ്യം മണ്ണാർക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ മരിച്ചു.
അട്ടപ്പാടിയിൽ തറവാട്ടുവീട്ടിലായിരുന്ന ഗോപാലകൃഷ്ണനും കുടുംബവും മൂന്നുവർഷം മുൻപാണ് തെങ്കരയിലെ വാടകവീട്ടിലേക്ക് താമസംമാറിയത്. വെരിക്കോസിന്റെ പ്രശ്നമുള്ളതിനാൽ ഇദ്ദേഹത്തിന് അടുത്തകാലത്തായി നടക്കാനാവുമായിരുന്നില്ല. ഇതിന്റെ മാനസികവിഷമവും ഉണ്ടായിരുന്നു. ചികിത്സയ്ക്കായി പണം കണ്ടെത്താൻ അട്ടപ്പാടിയിലെ സ്ഥലം വിൽക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തണ്ടപ്പേര് ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തണ്ടപ്പേരിന് അപേക്ഷനൽകി മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടാതായതോടെ വില്ലേജോഫീസിൽ അന്വേഷിച്ചപ്പോൾ തണ്ടപ്പേര് മറ്റൊരാളുടെപേരിൽ അനുവദിച്ചതായാണ് ഗോപാലകൃഷ്ണൻ അറിഞ്ഞതെന്ന് സഹോദരൻ പ്രഭാകരൻ പറഞ്ഞു. മണ്ണാർക്കാട് മൂപ്പിൽനായരുടെ സർവേ നമ്പറിലുള്ള ഭൂമി ആധാരംചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കളക്ടറുടെ ഉത്തരവിൽപ്പറയുന്ന സർവേനമ്പറിൽ ഉൾപ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. രേഖകൾ കൈവശമുണ്ടെങ്കിലും കർഷകരുടെ ഇത്തരത്തിലുള്ള ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ പറ്റാത്ത സാഹചര്യമാണുള്ളത്.
മണ്ണാർക്കാട് പോലീസ് തുടർനടപടി സ്വീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. നടക്കാനാവാത്തതിന്റെ പ്രശ്നം അലട്ടിയിരുന്നത് ഗോപാലകൃഷ്ണൻ ബന്ധുക്കളോട് പറഞ്ഞതായി വിവരം ലഭിച്ചെന്ന് എസ്‌ഐ എ.കെ. ശ്രീജിത്ത് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം തെങ്കര പുഞ്ചക്കോട്ടെത്തിച്ചു. ചടങ്ങുകൾക്കുശേഷം മൃതദേഹം ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
ഗോപാലകൃഷ്ണന്റെ ഭാര്യ: ഷീജ. മക്കൾ: അർജുൻ വി. കൃഷ്ണ, ഗൗതം വി. കൃഷ്ണ. സഹോദരങ്ങൾ: പ്രഭാകരൻ, ദിവാകരൻ, സുരേന്ദ്രൻ, വിലാസിനി, ശാരദ, ആനന്ദവല്ലി, സുശീല, പരേതരായ വിജയൻ, വിനോദിനി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A farmer in Mannarkkad died after a suicide attempt following issues obtaining a land title (Thandaper). Read the tragic story.
Published: 18 Jan 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented