കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കർഷകൻ ജീവനൊടുക്കി. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിയിൽ നിന്നും മികച്ച പച്ചക്കറി കർഷകനുള്ള പുരസ്‌കാരം വാങ്ങിയ കർഷകനായിരുന്നു ഏലിയാസ്.

To advertise here,

സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക വിവരം. 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ 35 വർഷമായി പച്ചക്കറി കർഷകനായിരുന്നു ഏലിയാസ്. 12 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിളയുടെ വിലക്കുറവും കഴിഞ്ഞവർഷം കൃഷിനാശം ഉണ്ടായതും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്.

സർക്കാർ ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി ലഭിക്കാതിരുന്നത് ഏലിയാസിന് കടുത്ത മാനസിക സംഘർഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. നിരവധി തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. കർഷകരോടും കാർഷികമേഖലയോടുമുള്ള സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും അനാസ്ഥയാണ് കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറി കൃഷിക്കാരനായിരുന്ന ഏലിയാസ് അമ്പാട്ട് ജീവനൊടുക്കാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുകയും ഇദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുകയും വേണമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)