തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ തിരുവനന്തപുരം മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പരിശോധന. ബുധനാഴ്ച പുലര്‍ച്ചെയാണ് ബാങ്കിന്റെ പ്രധാന ശാഖയിലും മുന്‍ സെക്രട്ടറിമാരുടെയും പ്രസിഡന്റിന്റെയും ജീവനക്കാരുടെയും വീടുകളില്‍ പരിശോധന തുടങ്ങിയത്. സി.പി.ഐ. നേതാവും മുന്‍ പ്രസിഡന്റും മില്‍മ അഡ്മിനിസ്ട്രേറ്റീവ് സമിതി കണ്‍വീനറുമായ ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രന്‍, കളക്ഷന്‍ ഏജന്റ് അനി എന്നിവരുടെ വീട്ടിലാണ് ഇ.ഡി. പരിശോധന നടക്കുന്നത്. ബാങ്കിന്റെ തൂങ്ങാംപാറയിലെ ഹെഡ് ഓഫീസിലും പുലര്‍ച്ചെ ഏഴുമണിയോടെയാണ് ഇ.ഡി. പരിശോധന തുടങ്ങിയത്.

To advertise here,

സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് കുറച്ചുകാലമായി നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ സമരം നടത്തുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഭരണസമിതി രാജിവച്ചു. തുടര്‍ന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്‍കീഴിലാണ് ബാങ്ക്. ഒക്ടോബര്‍ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറില്‍ നിന്ന് ഇ.ഡി. സംഘം റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഇ.ഡി.ക്ക് കൈമാറി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴുണ്ടായ പരിശോധനകള്‍.

പ്രതിസന്ധിയിലാക്കി 101 കോടിയുടെ ആസ്തിശോഷണം

ജില്ലയിലെ ഗ്രാമീണമേഖലയിലെ പ്രമുഖ സഹകരണസ്ഥാപനമായ മാറനല്ലൂരിലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായി. സി.പി.ഐ. നേതാവും മില്‍മ അഡ്മിനിസ്ട്രേറ്റീവ് സമിതി കണ്‍വീനറുമായ ഭാസുരാംഗനാണ് മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്.

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തുടരുന്ന കെടുകാര്യസ്ഥതയും ഭരണസമിതിയുടെ ക്രമരഹിതമായ നടപടികളും ധൂര്‍ത്തുമാണ് ബാങ്കിനെ തകര്‍ത്തത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശപ്രകാരം കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ 2021-ല്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. 2022 ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഇതിന്റെ തുടര്‍നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.

2005 മുതല്‍ 2021 ഡിസംബര്‍ വരെ നിക്ഷേപത്തില്‍ നിന്ന് വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളില്‍ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്. നിക്ഷേപത്തില്‍ നിന്ന് ചിട്ടികളിലേയ്ക്ക് വകമാറ്റിയത് 10 കോടിയും. 2005-06 വര്‍ഷത്തില്‍ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേയ്ക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെക്കിട്ടാനാകാത്തവിധം നഷ്ടമായിരിക്കുന്നത്.

2021-ല്‍ ബാങ്കിന്റെ പ്രതിസന്ധി വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും, അതിനെയൊക്കെ അതിജീവിക്കുമെന്ന പ്രതീക്ഷയായിരുന്നു നിക്ഷേപകര്‍ക്ക്. കഴിഞ്ഞ കുറച്ചുകാലമായി നിക്ഷേപകര്‍ പണത്തിനായി ബാങ്കിനെ സമീപിക്കുമ്പോള്‍, പല തവണയായി അവധി പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയാണ്. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെപ്പോലും വെറും കൈയ്യോടെയാണ് ബാങ്ക് തിരിച്ചയയ്ക്കുന്നത്. കേരളാ ബാങ്കില്‍ നിന്നുള്ള ഫണ്ട് വൈകുന്നതും കടാശ്വാസ കമ്മിഷന്‍ അനുവദിച്ച തുക സര്‍ക്കാര്‍ കൈമാറാത്തതുമാണ് പ്രതിസന്ധിയെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാല്‍ എത്ര തുക കിട്ടിയാലും കരകയറാനാകാത്തവിധം സാമ്പത്തിക അടിത്തറ തകര്‍ന്ന നിലയിലാണ് കണ്ടല ബാങ്കെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.

തോന്നിയപടി നിയമനങ്ങള്‍; ഇഷ്ടംപോലെ ചെലവഴിക്കലും

2005-06 വര്‍ഷത്തില്‍ 4.4 കോടി രൂപയായിരുന്നു കണ്ടല സര്‍വീസ് സഹകരണ ബാങ്കിന്റെ മൂല്യശോഷണം. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞ് 2015-16-ല്‍ ഇത് 50 കോടി കഴിഞ്ഞു. ഇത് ക്രമാനുഗതമായി വര്‍ധിച്ച് 2021 ആയപ്പോഴേയ്ക്കും 100 കോടിയിലെത്തിയിരിക്കുകയാണ്. 2021 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ 2023 ആയപ്പോഴേക്കും ഇത് 130 കോടിയിലധികമായതായാണ് നിക്ഷേപകരുടെ പരാതി. ബാങ്കിലെ ഭരണ കെടുകാര്യസ്ഥതയും ധൂര്‍ത്തും ക്രമക്കേടുകളും കാരണമാണ് ഓരോ വര്‍ഷവും ആസ്തിശോഷണം ഉണ്ടാകാന്‍ കാരണം.

വര്‍ഷങ്ങളായി പലിശ വരവിനേക്കാള്‍ കൂടുതലാണ് പലിശച്ചെലവ്. നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കുകയും ബൈലോ വ്യവസ്ഥ പാലിക്കാതെ നിക്ഷേപങ്ങള്‍ സ്വീകരിച്ചും ബോധപൂര്‍വ്വം നഷ്ടം വരുത്താന്‍ ഭരണസമിതി ശ്രമിച്ചു. വസ്തുവിന്റെ വില നിര്‍ണയം നടത്താതെയും മൂന്ന് സെന്റില്‍ താഴെ വസ്തു ഈടായി സ്വീകരിച്ചു. നിയമസഹായം സ്വീകരിക്കാതെ കോടിക്കണക്കിന് രൂപ എം.ഡി.എസ്. വായ്പകള്‍ അനുവദിച്ചു. വാഹനങ്ങള്‍ വാങ്ങിയതിലും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലുംവരെ അഴിമതി നടന്നതായാണ് കണ്ടെത്തല്‍.

അനധികൃതമായാണ് ജീവനക്കാരെ നിയമിച്ചത്. അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി നഷ്ടമുണ്ടാക്കി. ഭാസുരാംഗന്‍ തന്നെ നേതൃത്വം നല്‍കുന്ന മാറനല്ലൂര്‍ ക്ഷീരവ്യവസായസംഘത്തില്‍ നിയമംലംഘിച്ച് ക്രമരഹിതമായി വായ്പ നല്‍കി. കൃത്രിമ മൂല്യനിര്‍ണയത്തിലൂടെ മതിപ്പ് വില കൂട്ടിക്കാണിച്ച് വായ്പ അനുവദിച്ചു. തുടങ്ങി ബാങ്കിനെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്ന നിരവധി കണ്ടെത്തലുകളാണ് 2021-ല്‍ അന്വേഷണം നടത്തിയ കമ്മിഷന്‍ കണ്ടെത്തിയത്.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയും പ്രായപരിധി കഴിഞ്ഞവരെയും സഹകരണവകുപ്പിന്റെ അനുമതിയില്ലാതെ നിയമിക്കുകയായിരുന്നു. കളക്ഷന്‍ ഏജന്റായി നിയമിച്ചശേഷം പലരെയും പ്യൂണ്‍, സെയില്‍സ്മാന്‍, അറ്റന്‍ഡര്‍, നൈറ്റ് വാച്ച്മാന്‍ തുടങ്ങിയ സബ് സ്റ്റാഫ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കും. ജീവനക്കാര്‍ക്ക് ക്രമപ്രകാരമല്ലാതെ ഉദ്യോഗക്കയറ്റം നല്‍കി ശമ്പളം, ബോണസ്, മറ്റാനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ അനുവദിച്ചു.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കണ്ടല സഹകരണ ആശുപത്രിയിലും അനധികൃത നിയമനത്തിന് കുറവില്ല. 21 പേരെ നിയമവിധേയമല്ലാതെയും 32 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചത് അനധികൃതമായാണ്. ഇത്തരം നിയമനങ്ങളും ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ബാങ്കിനെയും ആശുപത്രിയെയും സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു. 2005 മുതല്‍ 2021 വരെ ജീവനക്കാര്‍ക്കായി മാത്രം 22.22 കോടി രൂപയാണ് നിക്ഷേപത്തില്‍ നിന്ന് വകമാറ്റി ചെലവഴിച്ചത്. നിക്ഷേപത്തില്‍ നിന്ന് ശമ്പളം കൊടുക്കരുതെന്ന് നിയമമുള്ളപ്പോഴാണ് ഇത്രയും തുക വകമാറ്റിയത്.

ക്ലാസ് അഞ്ച് മാത്രം യോഗ്യതയുള്ള ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ ക്ലാസ് ഒന്നില്‍ നിലനിര്‍ത്തിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 2013 ജൂലായ് 31-ന് മുന്‍പ് പുനര്‍ ക്ലാസിഫിക്കേഷന്‍ നടത്തണമെന്ന രജിസ്ട്രാറുടെ ഉത്തരവ് 10 വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. 2011-12 വര്‍ഷം മുതല്‍ ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭരണസമിതി അംഗങ്ങള്‍ക്ക് അനര്‍ഹമായ ഓണറേറിയം, സിറ്റിങ് ഫീ എന്നിവ നല്‍കിയും നഷ്ടമുണ്ടാക്കി.

മൂന്ന് സെന്റില്ലെങ്കിലും ലക്ഷങ്ങള്‍ നല്‍കി

മൂന്ന് സെന്റ് വസ്തുവില്ലെങ്കിലും കണ്ടല ബാങ്കില്‍ നിന്ന് ചിലര്‍ക്ക് ലക്ഷങ്ങള്‍ വായ്പ കിട്ടിയിരുന്നു. അഞ്ച് ലക്ഷം രൂപ പോലും വിലയില്ലാത്ത ഭൂമി ഈടുവച്ച് പത്ത് ലക്ഷത്തിലധികം ചിട്ടിയും പിടിക്കും. ഒരു വസ്തുവിന്റെ ജാമ്യത്തില്‍ നിരവധി വായ്പകള്‍ തരപ്പെടുത്താം. വസ്തുവിന്റെ മതിപ്പ് വില കൂട്ടിക്കാണിച്ച് താല്‍പര്യമുള്ളവര്‍ക്ക് വായ്പ നല്‍കും.

പ്രതിസന്ധി വരുമ്പോള്‍ ഭരണസമിതി നേരിട്ട് ഇടപെട്ട് അധിക പലിശ നല്‍കിയും ബൈലോ വ്യവസ്ഥ പാലിക്കാതെ നിക്ഷേപങ്ങള്‍ സ്വീകരിച്ച വകയിലും നഷ്ടമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന 2020-21 വര്‍ഷത്തില്‍ 2.03 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികള്‍ക്കായി വിനിയോഗിച്ചത്.
കണ്ടല ബാങ്കിന്റെ പ്രസിഡന്റ് ഭാസുരാംഗന്‍ തന്നെ പ്രസിഡന്റായ മാറനല്ലൂരിലെ ക്ഷീര എന്ന സഹകരണ സംഘത്തിന് പല തവണയായി 2.04 കോടിയാണ്, കണ്ടല ബാങ്കില്‍ നിന്ന് വായ്പയായി നല്‍കിയത്.

2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 102.62 കോടിയാണ് ആകെ വായ്പ. ഇതില്‍ 37.37 കോടി അനധികൃതമായി നല്‍കിയ വായ്പകളാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ തിരികെ കിട്ടാനായി കൃത്യസമയത്ത് ആര്‍ബിട്രേഷന്‍ നടപടികള്‍ സ്വീകരിക്കാറില്ല. കളക്ഷന്‍ ഏജന്റുമാര്‍ക്ക് അനധികൃതമായാണ് കമ്മിഷന്‍ നല്‍കിയിരുന്നതെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇങ്ങനെ സാധാരണക്കാരായ നിക്ഷേപകരറിയാതെ കണ്ടല ബാങ്ക് പണം മറ്റ് വഴികളിലൂടെ ചോര്‍ന്നുകൊണ്ടേയിരുന്നു. ഇത് തിരികെപ്പിടിച്ച് നിക്ഷേപകരുടെ സമ്പത്ത് തിരികെ നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഭരണസമിതി രാജിവച്ചു; അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേയ്ക്ക്

പ്രതിസന്ധി രൂക്ഷമാവുകയും നിക്ഷേപകര്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക് എത്തുകയും ചെയ്തതോടെ ഓഗസ്റ്റ് അവസാനവാരം എല്‍.ഡി.എഫ്. നേതൃത്വം നല്‍കുന്ന കണ്ടല സഹകരണ ബാങ്ക് ഭരണസമിതി രാജിവച്ചു. 2022-ല്‍ നിലവില്‍ വന്ന 11 അംഗ ഭരണസമിതിയില്‍ പ്രസിഡന്റുള്‍പ്പെടെ ആറ് പ്രതിനിധികളാണ് സി.പി.ഐ.ക്കുള്ളത്. ഇതില്‍ ഒരംഗം ജൂലായില്‍ ആത്മഹത്യ ചെയ്തിരുന്നു. സി.പി.എമ്മിന് നാല് അംഗങ്ങളും എല്‍.ജെ.ഡി.ക്ക് ഒരംഗവുമാണുള്ളത്. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കണമെന്ന് കഴിഞ്ഞമാസം സഹകരണ വകുപ്പ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണക്കമ്മിഷന്റെ കണ്ടെത്തലില്‍ വസ്തുതകള്‍ കുറവാണെന്നും കാര്‍ഷിക കടാശ്വാസം അനുവദിച്ച വകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴ് കോടി രൂപ നല്‍കാനുണ്ടെന്നുമാണ് മുന്‍ ഭരണസമിതിയുടെ നിലപാട്. കേരളാ ബാങ്ക് മുന്നറിയിപ്പില്ലാതെ 18 കോടി രൂപയുടെ വായ്പ മരവിപ്പിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഭരണസമിതി പറയുന്നു.