താമരശ്ശേരി: ടാർപോളിൻ ഷീറ്റ് കൊണ്ട് കെട്ടിമറച്ച ചോർന്നൊലിക്കുന്നതും സ്വന്തമായി ശുചിമുറി ഇല്ലാത്തതുമായ കൂര, കുണ്ടും കുഴിയുമായി കിടക്കുന്ന അടുക്കള, ടാർപായ കൊണ്ട് മറച്ചുണ്ടാക്കിയ കുളിമുറി, സാമ്പത്തിക പരാധീനത കാരണം വലയുന്ന കുടുംബം.

To advertise here,

ഏതൊരാളെയും മാനസികമായി തളർത്താവുന്നത്ര ഇല്ലായ്മകൾക്ക് നടുവിലും ശ്രീമാളവികയുടെ കളരിച്ചുവട് പിഴച്ചില്ല. ഓടിവന്ന് ചവിട്ടിപ്പൊങ്ങി ഏഴടിയോളം ഉയരത്തിലേക്ക് ചാടിയ ആ പന്ത്രണ്ടുവയസ്സുകാരി ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലെ സബ്ജൂനിയർ വിഭാഗം ഹൈകിക്ക് (ചവിട്ടിപ്പൊങ്ങൽ)ൽ സ്വർണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി.

പുതുപ്പാടി ആച്ചിയിൽ വാനിക്കരമല മുരളീധരൻ-ശ്രീന ദമ്പതിമാരുടെ മകൾ ശ്രീമാളവികയാണ് പരിമിതികളുടെ നടുവിൽ നിന്നും സുവർണനേട്ടം കരസ്ഥമാക്കി ചരിത്രമെഴുതിയത്. തിരുവനന്തപുരം കാര്യവട്ടത്തെ സായ് എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പതിനാറാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലാണ് പുതുപ്പാടി കാക്കവയൽ ദേവികൃപ കളരിസംഘത്തിലെ ഈ കൊച്ചുമിടുക്കി ഒന്നാമതെത്തിയത്. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് തികച്ചും സൗജന്യമായി ശ്രീമാളവികയെയും ഇളയ സഹോദരി ശ്രീമയൂഖയെയും രണ്ട് വർഷമായി കളരി അഭ്യസിപ്പിക്കുന്ന സുഭാഷ് ഗുരുക്കൾക്ക് കൂടി അഭിമാനിക്കാൻ വക നൽകുന്നതാണ് ഈ നേട്ടം. ഗുരുക്കളുടെ ദേവികൃപ കളരിസംഘത്തിലേക്ക് ആദ്യമായാണ് ഒരു വ്യക്തിഗത ദേശീയ ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ വന്നണയുന്നതും. ഈങ്ങാപ്പുഴ എം.ജി.എം.എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശ്രീമാളവിക.

മത്സരിച്ച ആദ്യ ദേശീയ ചാമ്പ്യൻഷിപ്പിൽ തന്നെ സ്വർണ്ണമെഡൽ നേടിയ ശ്രീമാളവികയുടെ മെഡൽനേട്ടത്തിലേക്കുള്ള പ്രയാണത്തിലുമുണ്ട് പ്രത്യേകത. ജില്ലയിലും സംസ്ഥാനത്തും രണ്ടാംസ്ഥാനത്തോടെ യോഗ്യത നേടിയെത്തിയാണ് ദേശീയചാമ്പ്യൻഷിപ്പിൽ ശ്രീമാളവിക ഒന്നാമതായത്. 

ശ്രീമാളവിക, സഹോദരങ്ങളായ അഞ്ചാം ക്ലാസ് വിദ്യാർഥിനി ശ്രീമയൂഖ, വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർഥിനി ശ്രീമുരളിക, മാതാപിതാക്കളായ ശ്രീന, മുരളീധരൻ എന്നിവരടങ്ങിയ കുടുംബം ഒമ്പത് വർഷമായി താമസിക്കുന്ന, കാറ്റത്ത് ആടിയുലയുന്ന വീടിന്റെ സ്ഥിതി പരിതാപകരമാണ്. സമീപപറമ്പിലെ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഉപേക്ഷിക്കപ്പെട്ട ശുചിമുറിയെയാണ് ഈ കുടുംബം ആശ്രയിക്കുന്നത് എന്നറിയുമ്പോൾ തന്നെ ദൈന്യത വ്യക്തം.

മുരളീധരന്റെ മാതാവ് 89 കാരിയായ കല്യാണിയമ്മയും നിലവിൽ ഇവിടെയാണ് താമസം. നടക്കാൻ പ്രയാസമുള്ള കല്യാണിയമ്മയെ ശുചിമുറിയിലേക്ക് രാത്രിയിലുൾപ്പെടെ താങ്ങി നടത്തിച്ച് വേണം എത്തിക്കാൻ.

മുകളിലും വശങ്ങളിലുമെല്ലാം ടാർപോളിൻ മാത്രമാണ് മറ. മുറിയ്ക്കാവട്ടെ തുണിയും. ശ്രീമാളവികയ്ക്ക് ലഭിച്ച ഉപഹാരങ്ങൾ സൂക്ഷിക്കാൻ പോലും ഇവിടെ വേണ്ട സൗകര്യമില്ല. 2009 മുതൽ ഒരു വീടിനായി അപേക്ഷ നൽകിയെങ്കിലും കാര്യമായൊന്നുമായില്ല. വീടിനോട് ചേർന്ന് ശുചിമുറിയില്ലാത്തതിനാൽ, കാടുപിടിച്ച, വാതിലിന്റെ സ്ഥാനത്ത് കീറത്തുണികൊണ്ട് മറച്ച അടുത്ത പറമ്പിലെ ശുചിമുറിയിലേക്ക് രാത്രി നടന്നെത്തണം. നിർമാണതൊഴിലാളിയായ മുരളീധരന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ശ്രീന 300 രൂപ ദിവസവേതനത്തിന് ഒടുങ്ങാക്കാടുള്ള ഗാന്ധിഗ്രാമം കടയിൽ ജോലിയ്ക്ക് നിൽക്കുകയാണ്.

ദുരിതപർവത്തിൽ കഴിയുന്ന കുടുംബം ശ്രീമാളവികയുടെ മെഡൽ നേട്ടം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സ്വന്തമായി ശുചിമുറിയുള്ള, അടച്ചുറപ്പുള്ള ഒരു വീട്. അത് മാത്രമാണ് ഇപ്പോൾ ശ്രീമാളികയുടെ സ്വപ്നം, അവളുടെ കുടുംബത്തിൻറെയും...