
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പോലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്ട്ടിന് യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആര്.ഒ.യായ ശ്രീകുമാര്‍. പ്രാദേശികസഭകളില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്ട്ടിന് കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിന് മുന്‍പായി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ പേരിലുള്ളയാള്‍ തങ്ങളുടെ കൂട്ടായ്മയില്‍ അംഗമല്ലെന്നായിരുന്നു യഹോവ സാക്ഷികളുടെ പി.ആര്.ഒ.യുടെ പ്രതികരണം.
''ഡൊമിനിക്ക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാള്‍ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളില്‍ ഇങ്ങനെയൊരാള്‍ അംഗമല്ല. ഒരുപക്ഷേ, അയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈബിള്‍ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവര്‍ഷം മുന്‍പ് ഇങ്ങനെ പേരുള്ളയാള്‍ ബൈബിള്‍ പഠിക്കാന്‍ വന്നിരുന്നതായി പ്രാദേശികസഭയില്‍നിന്ന് വിവരമുണ്ട്. ചില യോഗങ്ങള്‍ക്ക് അയാള്‍ വന്നിരുന്നു. പിന്നീട് അയാള്‍ പഠനം നിര്‍ത്തി. എന്നാല്‍ ഇയാള്‍ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല'', പി.ആര്.ഒ. ശ്രീകുമാര്‍ പറഞ്ഞു.
Content Highlights: kalamassery blast jehovah witnesses pro response about dominic martin
Published: 29 Oct 2023, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented