കൊച്ചി: രാജ്യത്തെ ഒരുദിവസം ആശങ്കയിലാക്കി കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ ബോംബ്സ്ഫോടനം. സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിൽ മൂന്നുപേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു.
സംഘടിത ഭീകരാക്രമണമെന്ന സംശയമുണർത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് (57) ആണ് സ്ഫോടനം നടത്തിയതെന്ന സ്ഥിരീകരണത്തിൽ പോലീസെത്തി. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാർട്ടിൻ.
താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വീഡിയോയും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യംചെയ്തു വരികയാണ്. യു.എ.പി.എ.ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55) സംഭവ സ്ഥലത്തുവെച്ച് മരിച്ചു. രാത്രി ഒരുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാൾ. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാൾ. വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്.
സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നു പേരുടെ നില ഗുരുതരം.
മൂന്നു പൊട്ടിത്തെറികൾ
:രാവിലെ 9.40-ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെയുണ്ടായ മൂന്നു പൊട്ടിത്തെറികൾ സാമ്ര ഹാളിലാകെ തീയും പുകയും നിറച്ചു. പലർക്കും പൊള്ളലേറ്റു. 2400 വിശ്വാസികൾ ഈ സമയം ഹാളിൽ പ്രാർഥനയിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലരും തട്ടിത്തടഞ്ഞു വീണു. ഇവരെ ചവിട്ടിമെതിച്ച് മറ്റുള്ളവർ പുറത്തേക്കോടി. ആദ്യം പുറത്തിറങ്ങിയവർ ഉള്ളിൽക്കുടുങ്ങിയവരെ പുറത്തേക്ക് വലിച്ചിറക്കി. ഹാളിലെ കുഷ്യൻ കസേരകൾക്ക് തീപിടിച്ചെങ്കിലും അവിടെത്തന്നെയുണ്ടായിരുന്ന അഗ്നിശമനി ഉപയോഗിച്ച് കെടുത്തി.
ആസൂത്രിത സ്ഫോടനം
:ഉച്ചയോടെ ആസൂത്രിത ബോംബ് സ്ഫോടനമാണെന്ന് പോലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ് സ്ഥിരീകരിച്ചു. ഉപയോഗിച്ചത് ഐ.ഇ.ഡി.(ഇംപ്രവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്) ആണെന്ന് വ്യക്തമായി. ടിഫിൻ ബോക്സിനുള്ളിലാണ് സ്ഫോടകവസ്തു വെച്ചത്. സംഭവസ്ഥലത്ത് വെടിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തി.
ദുരൂഹതയ്ക്കുപിന്നാലെ കീഴടങ്ങൽ
:പ്രാർഥനയ്ക്ക്മുമ്പ് ഹാൾ പരിസരത്തുനിന്ന് പോയ നീല കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് മാർട്ടിൻ കൊടകരയിൽ കീഴടങ്ങിയത്. ഇയാൾ സ്കൂട്ടറിലാണ് എത്തിയതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. മാർട്ടിൻ നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥർ, പ്രതി മാർട്ടിനാണെന്ന് സ്ഥിരീകരിച്ചത്. വിശ്വാസികൾ വന്ന വാഹനമുൾപ്പെടെ ഹാൾ പരിസരത്ത് കിടക്കുകയാണ്. സ്വകാര്യ ബസുകൾ വരുത്തിയാണ് വിശ്വാസികളെ വീടുകളിലേക്ക് പറഞ്ഞയച്ചത്.
Content Highlights: Kalamassery blast, Death toll rises to three, 12-year-old girl who was undergoing treatment died
Published: 30 Oct 2023, 06:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented