തിരുവനന്തപുരം/കണ്ണൂർ : ധനരാജ് വധക്കേസ് പ്രതികളുടെ ജീവന് ഭീഷണിയുയർത്തി മുൻ എം.എൽ.എ.യും സി.പി.എം. നേതാവുമായ ടി.ഐ. മധുസൂദനൻ നടത്തിയ പ്രകോപനപ്രസംഗത്തിൽ പോലീസ് കേസെടുത്തു. കലാപാഹ്വാനവും ക്രിമിനൽ ഭീഷണിയുമടക്കമുള്ള വകുപ്പുചേർത്ത് പയ്യന്നൂർ പോലീസാണ് കേസെടുത്തത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. പ്രസംഗം മുഴുവൻ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്ക് നിർദേശം നൽകിയിരുന്നു.

To advertise here,

പയ്യന്നൂരിൽ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിലായിരുന്നു മധുസൂദനന്റെ വിവാദമായ പ്രസംഗം. ഇത് 'കൊലവിളിപ്രസംഗമായി' ചർച്ചചെയ്യപ്പെട്ടതോടെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ടതും കേസെടുത്തതും. മധുസൂദനന്റെ പ്രസംഗത്തെ ന്യായീകരിക്കേണ്ടതില്ലെന്നാണ് സി.പി.എം. തീരുമാനം. നേതാക്കളാരും പ്രതികരിച്ചിട്ടില്ല. മധുസൂദനനെ തള്ളിപ്പറയാതെയായിരുന്നു കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷിന്റെ ആദ്യ പ്രതികരണം. മുഖ്യമന്ത്രി വി.ഡി. സതീശൻ 'ചോരയ്ക്കുപകരം ചോര' എന്ന് പറഞ്ഞതിനെക്കാൾ വലുതല്ലല്ലോ 'പകരത്തിനുപകരം' എന്ന് മധുസൂദനൻ പ്രസംഗിച്ചതെന്നായിരുന്നു രാഗേഷിന്റെ വാദം. മധുസൂദനന്റെ പ്രകോപനവാക്കുകളെ ഏറ്റുപിടിക്കേണ്ടതില്ലെന്ന പാർട്ടി നിലപാട് അറിഞ്ഞതോടെ, രാഗേഷ് തിരുത്തി. ധനരാജ് കേസിൽ നിയമപരമായ നടപടി തുടരുമെന്നാണ് ആദ്യംമുതലേ പാർട്ടിയെടുത്ത നിലപാടെന്ന് പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗമാണ് പ്രതിരോധത്തിന് സി.പി.എം. ആയുധമാക്കുന്നത്. നവംബർ 20-ന് കണ്ണൂരിൽനടന്ന യൂത്ത് കോൺഗ്രസ് ജെൻ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ'ചോരയ്ക്ക് ചോര' എന്നനിലയിൽ പകരം ചോദിക്കുമെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചൊന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. കണ്ണൂർ ജില്ലാ കമ്മിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകിയിട്ടുണ്ട്.

കിട്ടേണ്ടത് കിട്ടിയിരിക്കും- ടി.ഐ. മധുസൂദനൻ

ഈ കോടതികളും ഈ ഭരണകൂട സംവിധാനങ്ങളും നമ്മളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ചുപേരെ ചുട്ടുകരിച്ചുകൊന്ന ചീമേനിയിലെ സംഭവത്തിൽ ഒരുകോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല. പക്ഷേ, അവരാരും ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കുന്നില്ലെന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. കണക്കു പറയുന്നത് കണക്കു പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിനു യാതൊരു മടിയുമില്ല. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചു മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്. കിട്ടേണ്ടത് കിട്ടിയിരിക്കും

നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരംചോദിക്കും- വി.ഡി. സതീശൻ

ഈ സർക്കാരിനെ സൃഷ്ടിക്കാൻ മർദനമേറ്റുവാങ്ങിയ, ചോരപ്പുഴ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങടെകൂടിയാണ് ഈ സർക്കാർ. നിങ്ങളെ പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരംചോദിക്കും. പഴയതുപോലെയല്ല. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല. അതുകൊണ്ടാണ് അന്വേഷണങ്ങൾ നടക്കുന്നത്. ആരെല്ലാം ഉത്തരവാദികളാണ് അവരെല്ലാം അകത്തുപോകും. അതിൽ അവസാനംവരെ പോരാടും

കൊലവിളി നടത്തിയത് മുഖ്യമന്ത്രി -മുഹമ്മദ് റിയാസ്, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം

കണ്ണൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയത് കൊലവിളിപ്രസംഗമാണ്. അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോ. ചോരയ്ക്ക് ചോര എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ചുനോക്കണം. എന്നിട്ട് തീരുമാനമെടുക്കണം

കലാപാഹ്വാനം അംഗീകരിക്കില്ല- -രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി

കലാപത്തിന് ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയും ആളുകളെ കൊലപ്പെടുത്തുമെന്നൊക്കെ പറയുന്നതും ജനപ്രതിനിധിയായിരുന്ന വ്യക്തിക്ക്് ചേർന്നതല്ല. അത് സർക്കാരും പോലീസും അംഗീകരിക്കില്ല