കാക്കനാട്: എറണാകുളം കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് തുടങ്ങി പണം തട്ടാൻ ശ്രമം. കളക്ടർ ജി. പ്രിയങ്കയുടെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി വിയറ്റ്‌നാമിലെ ഫോൺനമ്പർ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് തുറന്നത്.

To advertise here,

വാട്സാപ്പിലെ കോൺടാക്ട് വിവരങ്ങൾ ചോർത്തിയതായും സംശയിക്കുന്നുണ്ട്. അക്കൗണ്ട് തുറന്ന തട്ടിപ്പുകാർ ഇതിൽനിന്ന് ക്ഷേമം അന്വേഷിച്ച ശേഷം എവിടെയാണെന്നു ചോദിച്ച് ജീവനക്കാർക്ക് സന്ദേശമയക്കും. അവർ പ്രതികരിക്കുന്നതോടെ സഹായം അഭ്യർഥിച്ച് അടുത്ത സന്ദേശം. സമ്മതമറിയിക്കുന്നതോടെ അടിയന്തര യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തിരക്കിലാണെന്നും പണമയക്കണമെന്നും ഇന്നുതന്നെ തിരികെത്തരാമെന്നും പറഞ്ഞ് വീണ്ടും സന്ദേശം.

ജീവനക്കാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കളക്ടർ വിവരമറിയുന്നത്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി. ആർക്കും പണം നഷ്ടപ്പെട്ടതായി ഇതുവരെ വിവരമില്ല. ആഴ്ചകൾക്കുമുൻപ്‌ കളക്ടറുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടും തുറന്നിരുന്നു.