ഡിജിറ്റല്‍ തട്ടിപ്പുകള്‍ ഓരോ ദിവസവും പുതിയ രൂപത്തിലും ഭാവത്തിലുമാണ് അവതരിക്കുക. അതീവജാഗ്രതയോടെ ഇരുന്നില്ലെങ്കില്‍ കണ്കെട്ട് വിദ്യയിലെന്നവണ്ണം നമ്മെ തെറ്റിദ്ധരിപ്പിച്ച് പണംതട്ടിയെടുക്കപ്പെടും. വാട്സ്ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്ന ചില കല്യാണക്കുറികളിലൂടെ മാല്‍വെയറുകളെ ഫോണുകളില്‍ തിരുകിക്കയറ്റി തട്ടിപ്പുകള്‍ വ്യാപകമാകുന്നതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത.
നിരുപദ്രവകരമെന്ന് തോന്നുന്ന വിധത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കല്യാണം ക്ഷണിച്ചുകൊണ്ടുള്ള കാര്‍ഡുകളാണ് ഇവിടെ വില്ലന്മാര്. ഇവയിലൂടെ തട്ടിപ്പുകാര്‍ക്ക് നമ്മുടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനും പാസ്വേഡുകള് അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനും കഴിയും. ഹിമാചല്‍പ്രദേശ് പോലീസ് ആണ് ഇത്തരമൊരു തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
കല്യാണം ക്ഷണിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ വാട്സ്ആപ്പുകള്‍ വഴി അയയ്ക്കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുക. അജ്ഞാതമായ നമ്പറില്‍നിന്ന് വരുന്ന ഈ സന്ദേശത്തിനൊപ്പം കല്യാണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഏതാനും വരികളുമുണ്ടാകും. ഇതിനൊപ്പം കല്യാണം ക്ഷണിച്ചുകൊണ്ടുള്ള കാർഡ് എന്നമട്ടിൽ മറ്റുചില ഫയലുകളും ഉണ്ടാകും.
ഈ 'കല്യാണക്കുറി'യില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഈ എ.പി.കെ ഫയലുകള്‍ ഫോണിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതോടെ ഫോണിലെത്തുന്ന മാല്‍വെയറുകള്‍ വഴി ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈയ്യിലാകുന്നു. നമ്മുടെ ഫോണില്‍നിന്ന് മെസ്സേജുകള്‍ അയയ്ക്കാനും പാസ്വേഡുകള് കൈക്കലാക്കി പണം ട്രാന്‍സഫര്‍ ചെയ്യാനുമെല്ലാം ഇതോടെ തട്ടിപ്പുകാര്‍ക്ക് കഴിയും.
ഇതിലൂടെ ബഹുമുഖ തട്ടിപ്പുകള്കാണ് കളമൊരുങ്ങുന്നത്. അതായത്, നമ്മുടെ ഫോണില്‍നിന്ന് നമ്മള് അയയ്ക്കുന്നതെന്ന വ്യാജേന, പണം ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ക്ക് തട്ടിപ്പുകാർ സന്ദേശമയയ്ക്കും. നമ്മള്‍പോലും അറിയാതെ മറ്റുള്ളവർ അയയ്ക്കുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേയ്ക്ക് എത്തും. ഇതുകൂടാതെ, ഫോണിലൂടെയുള്ള നമ്മുടെ പ്രവൃ ത്തികള് നിരീക്ഷിച്ച്, നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തി, നമ്മുടെ അക്കൗണ്ടുകളില്‍നിന്നുള്ള പണവും തട്ടിപ്പുകാർ ചോര്‍ത്തും.
പരിചയമില്ലാത്ത നമ്പറുകളിൽനിന്നുള്ള മെസ്സേജുകള്‍ ക്ലിക്ക് ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. ഏതെങ്കിലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് അത് അയച്ച നമ്പര്‍ പരിശോധിക്കുക. ഏതെങ്കിലും വിധത്തിലുള്ള സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകംതന്നെ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം.
Content Highlights: wedding invite scam on WhatsApp Cyber crime
Published: 13 Nov 2024, 05:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented