കടലുണ്ടി: ഇരുപതുവര്‍ഷം മുമ്പുണ്ടായ കടലുണ്ടി തീവണ്ടിയപകടം ഓര്‍ത്തെടുക്കുമ്പോള്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്റെ വാക്കുകളില്‍ ഇപ്പോഴും ഇടര്‍ച്ചയുണ്ട്. കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ മലയാളം അധ്യാപകനായിരുന്നു അന്ന് അനില്‍ വള്ളത്തോള്‍. നാടായ തിരൂരിലെ മംഗലത്തേക്ക് എല്ലാ വെള്ളിയാഴ്ചയും മദ്രാസ് മെയിലിലാണ് വരാറുണ്ടായിരുന്നത്. അന്നും കോളേജിലെ ഫിസിക്‌സ് അധ്യാപകനായ പ്രദീപ്കുമാറിനൊപ്പം കണ്ണൂരില്‍നിന്ന് മദ്രാസ് മെയിലില്‍ കയറി.
മദ്രാസ് മെയില്‍ 5.15-ഓടെ കടലുണ്ടിപ്പാലം പിന്നിട്ടു. അനില്‍ കയറിയ ബോഗിയടക്കം മറുകര താണ്ടിയപ്പോഴാണ് അവര്‍ ആ ശബ്ദംകേട്ടത്. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ ഒരു പുക. പിന്നെ പുഴവെള്ളം ഉയരുന്നതുകണ്ടു.
ഇവരോടൊപ്പം കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഒരു നേവി ഉദ്യാഗസ്ഥന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇറങ്ങിയോടുന്നു. പിന്നെ പുഴയിലേക്ക് ചാടി. പുഴയോരത്ത് നങ്കൂരമിട്ട തോണികളും പുഴയിലേക്ക് കുതിച്ചു. അല്പനേരം കഴിഞ്ഞാണ് അപകടത്തെക്കുറിച്ച് മനസ്സിലായത്.

രാത്രി പത്തോടെ അനില്‍, തിരൂര്‍ മംഗലത്തെ വീട്ടിലെത്തുമ്പോള്‍ അച്ഛനും അമ്മയും ഭാര്യയും ബന്ധുക്കളുമെല്ലാം കണ്ണീരണിഞ്ഞ് കാത്തിരിപ്പിലായിരുന്നു.
അനിലിനെ അന്വേഷിച്ചുള്ള സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ അപ്പോഴും വീട്ടില്‍ വന്നുകൊണ്ടേയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കോളേജിലെത്തിയപ്പോള്‍ പ്രിന്‍സിപ്പലിന്റെ കാരണം കാണിക്കല്‍ നോട്ടീസാണ് ലഭിച്ചത്.
വീട്ടുകാരെ കൃത്യസമയത്ത് വിവരമറിയിക്കാത്തതിനായിരുന്നു നോട്ടീസ്. അതായിരുന്നു ജീവിതത്തില്‍ ആദ്യമായും അവസാനമായും തനിക്കുകിട്ടിയ കാരണം കാണിക്കല്‍ നോട്ടീസെന്ന് അനില്‍ പറയുന്നു.
2001 ജൂണ്‍ 22-നാണ് 6602 നമ്പര്‍ ചെന്നൈ മെയില്‍ വൈകീട്ട് 5.15-ന് കടലുണ്ടിപ്പുഴയില്‍ പതിക്കുന്നത്. ദുരന്തത്തില്‍ 52 പേര്‍ മരിക്കുകയും 222 പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയുംചെയ്തു. തീവണ്ടിയുടെ നടുവിലത്തെ ബോഗികളിലുള്ളവരാണ് കടലുണ്ടിപ്പുഴയിലേക്ക് പതിച്ചത്.
സ്മൃതിമണ്ഡപം ഇനിയും യാഥാര്‍ഥ്യമായില്ല
തീവണ്ടിദുരന്തം നടന്നിട്ട് ഇരുപതു വര്‍ഷം പിന്നിടുമ്പോഴും സ്മൃതിമണ്ഡപം എന്ന ആവശ്യം ഇന്നും യാഥാര്‍ഥ്യമായില്ല.കഴിഞ്ഞ പത്തു വര്‍ഷം താത്കാലിക സ്മാരകം തീര്‍ത്ത് വള്ളിക്കുന്നില്‍ ഹീറോസ് നഗര്‍ പൗരസമിതി അനുസ്മരണം നടത്തിയിരുന്നു. അന്ന് തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും ചടങ്ങുകള്‍ക്ക് വരാറുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു. എന്നാല്‍, കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഹീറോസ് നഗര്‍ പൗരസമിതി പ്രവര്‍ത്തകര്‍ വീണ്ടും താത്കാലിക സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും മൗനപ്രാര്‍ഥനയും നടത്തുന്നുണ്ട്.
അന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും റെയില്‍വേ ഉദ്യോഗസ്ഥരും സ്മൃതിമണ്ഡപം പണിയുമെന്ന് പറഞ്ഞെങ്കിലും ഇന്നും നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്ന് വള്ളിക്കുന്ന് ഹീറോസ് നഗര്‍ പൗരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. വീണ്ടും ഈ ആവശ്യവുമായി അധികൃതരെ കാണാനുള്ള തയ്യാറെടുപ്പിലാണ് പൗരസമിതി.
Published: 22 Jun 2021, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented