105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായിരുന്നു 2001 ജൂൺ 22 -ാം തീയതി കോഴിക്കോട് കടലുണ്ടിയിലുണ്ടായത്.

To advertise here,

52 പേർ മരിച്ച ദുരന്തത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഇന്നും അതിന്റെ നടുക്കുന്ന ഓർമയിലാണ് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയ കോഴിക്കോട്ടെ ഷജീറും അഫ്‌സലും. അന്ന് സീറ്റ് നമ്പർ തെറ്റിയിരുന്നത് കൊണ്ട്മാത്രം ജീവിതം തിരിച്ചുകിട്ടിയവർ. അവർ ഓർമകൾ പങ്കുവെക്കുകയാണ്.

മൊബൈൽ ഫോണുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു അന്ന് 25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അഫ്‌സലിന്. സ്‌പെയർപാർട്‌സും മറ്റുമൊക്കെ വാങ്ങിക്കാനായി എല്ലാ ആഴ്ചയും സുഹൃത്ത് ഷജീറുമൊത്ത് മദ്രാസിൽ പോയിരുന്ന കാലം. എപ്പോഴും ബസ്സിനായിരുന്നു പോയിരുന്നത്. അന്ന് ആദ്യമായി ട്രെയിനിൽ പോകാമെന്ന് തീരുമാനിച്ചു. ടിക്കറ്റെല്ലാം കൈവശം വെച്ചിരുന്നത് അഫ്‌സലായിരുന്നു.

അപകടത്തിൽപെട്ട ചെന്നൈ മെയിലിന്റെ ആറാമത്തെ കോച്ചിലായിരുന്നു അഫ്‌സലിനും ഷജീറിനും ടിക്കറ്റ്. എന്നാൽ ടിക്കറ്റിൽ രേഖപ്പെടുത്തിയ വയസ്സിന്റെ കണക്ക് സീറ്റ് നമ്പറാണെന്ന് തെറ്റിദ്ധരിച്ച് ഏഴാമത്തെ കോച്ചിലെ ഇരുപത്തിയഞ്ചും ഇരുപത്തിയെട്ടും സീറ്റിലിരുന്നു. ഇരുന്നത് രണ്ട് അന്യസംസ്ഥാനക്കാർ ബുക്ക് ചെയ്ത സീറ്റിലായിരുന്നു. ഇത് തങ്ങളുടെ സീറ്റാണെന്ന് അവർ പറഞ്ഞെങ്കിലും രാത്രിയാകുമ്പോൾ മാറിയിരുന്നാൽ മതിയെന്ന് പറഞ്ഞ് ഇവർ രണ്ടുപേരും ആറാമത്തെ കോച്ചിൽ അഫ്‌സലിനും ഷജീറിനും അനുവദിച്ച സീറ്റിലിരിക്കുകയും ചെയ്തു.

ട്രെയിൻ കോഴിക്കോട് വിടുമ്പോൾ തന്നെ അസ്വാഭാവികത തോന്നിയിരുന്നുവെന്ന് പറയുന്നു ഇവർ. കടലുണ്ടി പാലത്തിൽ വണ്ടി കയറി കുറച്ച് കഴിയുമ്പോൾ തന്നെ വലിയ ശബ്ദത്തോടെ തീവണ്ടിയുടെ മൂന്ന് ബോഗികൾ വെള്ളത്തിലേക്ക് പതിച്ചു.

അഫ്‌സലും ഷജീറും ഇരുന്നിരുന്ന ഏഴാമത്തെ ബോഗി കരയിലേക്കായിരുന്നു മറിഞ്ഞത്. ഇവർ യഥാർഥത്തിൽ ഇരിക്കേണ്ടിയിരുന്ന ആറാമത്തെ ബോഗിയിൽ രണ്ടുപേർക്കുമായി അനുവദിച്ച സീറ്റിലിരുന്ന അന്യസംസ്ഥാനക്കാരടക്കം നിരവധി പേർ മരിക്കുകയും ചെയ്തു. അന്ന് തന്റെ അറിവില്ലായ്മകൊണ്ട് രക്ഷപ്പെട്ട കഥ പറയുമ്പോൾ ഇന്നും അഫ്‌സലിന്റെ ശബ്ദമിടറുന്നുണ്ട്.

ആറാമത്തെ ബോഗിയിലെ പുറകിലെ ഡോറിനോട് ചേർന്നായിരുന്നു ഇവർക്ക് സീറ്റ് ലഭിച്ചിരുന്നത്. അപകടത്തിൽ പുറകിലുള്ള ബോഗി വന്നിടിച്ച് ഇവർ ഇരിക്കേണ്ടി ഇരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ആളുകളൊക്കെ ക്രഷ് ആയി അമർന്ന് പോയിട്ടാണ് മരണത്തിന് കീഴടങ്ങിയത്.

ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുന്ന പോലെയാണ് ബോഗി താഴേക്ക് പതിച്ചത്. എന്താണ് സംഭവിച്ചത് എന്ന് തിരിഞ്ഞ് നോക്കുമ്പോൾ തന്റെ സുഹൃത്ത് അഫ്‌സൽ ഒരു കമ്പിയുടെ മേലെ നടു മടങ്ങി തൂങ്ങി കിടക്കുന്നത് പോലെയായിരുന്നു ഉണ്ടായിരുന്നത് എന്നുപറയുന്നു ഷജീർ.

കുറച്ചു സമയത്തേക്ക് ബോധമുണ്ടായിരുന്നില്ല. എങ്ങനെയോ അവനെ പിടിച്ചു താഴെ വലിച്ചിട്ടു പുറത്തേക്ക് നോക്കുമ്പോഴാണ് ട്രെയിൻ അപകടത്തിൽ പെട്ടതാണ് എന്ന യാഥാർഥ്യത്തിലേക്ക് എത്താൻ കഴിഞ്ഞത്.

തൊട്ടടുത്ത് പണിക്കുണ്ടായിരുന്ന ഒരു അന്യസംസ്ഥാനത്തൊഴിലാളി വലിയ ഹാമറുമായി എത്തി ചില്ല് അടിച്ച് പൊട്ടിച്ച ശേഷമാണ് ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്. എങ്ങനെയോ ആശുപത്രിയിലെത്തി. ഏറെനാൾ ചികിത്സയിൽ തുടരേണ്ടി വന്നെന്നും ഇവർ പറയുന്നു.

ഒരുപാട് ആളുകൾ പരിക്കുമൂലം മരണപ്പെട്ടു. കമ്പിയും മറ്റുമൊക്കെ കഴുത്തിലൊക്കെ കേറിയിട്ടും തലയും തലയും കൂട്ടി ഇടിച്ചുമൊക്കെയാണ് നിരവധി പേർ മരിച്ചത്. പലരും ചെളിയിൽ പൂണ്ടുപോയി. നല്ല ആഴത്തിൽ ചെളിയുണ്ടായിരുന്നുവെന്നും ഇവർ ഓർക്കുന്നു.

എസ് സിക്‌സ് മുതൽ മുന്നോട്ടാണ് പൊട്ടിപ്പോയത്. ട്രെയിൻ പുറപ്പെട്ട് ഒരു 20 മിനിറ്റ് കൊണ്ട് അപകടം സംഭവിച്ചിട്ടുണ്ടാകും. എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പകുതി ചെളിയിലും പകുതി വെള്ളത്തിലും ആയിട്ടുള്ള ബോഗിയിലാണ് ഞാനും സുഹൃത്തും ഉണ്ടായിരുന്നത്. എസ് സിക്‌സ് മുഴുവനായിട്ടും വെള്ളത്തിലായിരുന്നു. പിന്നെ ഒരു ബോഗി പാലത്തിന്റെ മുകളിൽ നിന്നും താഴോട്ട് തൂങ്ങി നിൽക്കുന്നത് പോലെയായിരുന്നു. അതെല്ലാം ഇപ്പോഴും കൺമുന്നിൽ നിന്ന് മാറാതെ നിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

ജീവിതത്തിരൽ ഒരു ദുരന്തത്തിൽ പെടുക എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത അനുഭവമാണ്.

അത് കഴിഞ്ഞ് 25 വർഷമായി. ഇന്നും ജീവിക്കുന്നു. ആയുസ്സിന്റെ ബലം തന്നെയാണ് അതിന് കാരണം.

അപകടം നടന്ന് കാൽനൂറ്റണ്ട് കഴിയുമ്പോഴും കടലണ്ടി എത്തുമ്പോൾ ഇന്നുമൊരു നടുക്കമാണെന്ന് പറയുന്നു അഫ്‌സൽ.