കോട്ടയം: മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ  ഇൻ ചാർജും കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായിരുന്ന കെ.എ.ഫ്രാൻസിന്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ഓൺലൈനിലെ കണ്ടന്റ് റൈറ്റർ യു.എം. മുഹമ്മദ് സാബിത്ത് അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. മനോരമ ഓൺലൈനിലെ അരുണിമ ജയൻ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി.

To advertise here,

ദിനപത്രം, ടി.വി. എന്നിവയോടുചേർന്നു പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളിൽ 2023-ൽ  പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടുകളാണ് പുരസ്കാരത്തിനു പരിഗണിച്ചത്. കൂടാതെ മറ്റ് ഓൺലൈൻ മീഡിയകളിൽ പ്രവർത്തിക്കുന്ന കെ.യു.ഡബ്ല്യു.ജെ അംഗങ്ങളുടെ എൻട്രികളും സ്വീകരിച്ചു.

കോവിഡ് കാലത്തിനുശേഷം കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം, പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ അധികം കടന്നുവരാത്ത സോഷ്യൽ മീഡിയകളിലെ ലൈവ് സ്ട്രീമിങ്, ഓൺലൈൻ വഴിയുള്ള ലഹരിവില്പന, ലൈംഗിക ചൂഷണം, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ചൂതാട്ടം തുടങ്ങിയവയേക്കുറിച്ചും കുട്ടികളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ഒറ്റപ്പെടൽ, ആത്മഹത്യ, കാണാതാകൽ തുടങ്ങിയവയെക്കുറിച്ചും മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയാണ് മുഹമ്മദ് സാബിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.  

placeholder
ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായ അരുണിമ ജയൻ 

അണ്ഡം ശീതീകരിച്ചു സൂക്ഷിച്ച് ഇഷ്ടമുള്ളപ്പോൾ ഗർഭധാരണം സാധിക്കുന്ന രീതി കേരളത്തിലും വ്യാപകമാകുന്നുവെന്നതു സംബന്ധിച്ചുള്ള റിപ്പോർട്ടാണ് അരുണിമ ജയനെ പ്രത്യേക പരാമർശത്തിന് അർഹയാക്കിയത്. രാജ്യാന്തരതലത്തിൽ തുടങ്ങി ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും വ്യാപകമാകുന്ന അണ്ഡശീതീകരണത്തന്റെ ശാസ്ത്രീയപരവും സാമൂഹികവുമായ വശങ്ങളെ വാർത്ത വിശകലനം ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം മുൻ ഡയറക്ടറുമായ ഋഷി കെ.മനോജ്, ദീപിക കർഷകൻ എഡിറ്റർ ഇൻ ചാർജ് ജിമ്മി ഫിലിപ്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എ.കെ.രവീന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.