കോട്ടയം:സി.പി.എമ്മിലെ സൗമ്യവും ദീപ്തവുമായ മുഖം കെ.സുരേഷ് കുറുപ്പ് പാർട്ടിയുടെ നേതൃനിരയിൽനിന്ന് ഒഴിഞ്ഞു. ഇനി ജില്ലാ കമ്മിറ്റി ഒാഫീസ് ബ്രാഞ്ച് കമ്മിറ്റിയംഗംമാത്രമായി തുടരും.

To advertise here,

1984-ൽ കോട്ടയത്ത് യു.ഡി.എഫിന്റെ കോട്ട തകർത്താണ്, യുവാവായിരുന്ന സുരേഷ് കുറുപ്പ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുഞ്ചിരിക്കുന്ന മുഖം പിന്നീട് ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞു. നാലുവട്ടം എം.പി.യും രണ്ടുവട്ടം എം.എൽ.എ.യുമായി. ഇക്കാലയളവിൽ അദ്ദേഹം യാതൊരു വിവാദത്തിലും പെട്ടില്ലെന്നത് സംശുദ്ധപൊതുപ്രവർത്തനത്തിന് തെളിവ്.

ജൂനിയറായ ചിലർക്ക് കിട്ടിയ പരിഗണനയും പ്രാമുഖ്യവും, മുതിർന്ന നേതാവായ സുരേഷ്‌ കുറുപ്പിന് പാർട്ടിയിൽ കിട്ടിയില്ല. ഇതിൽ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂന്നുവർഷംമുമ്പ് അദ്ദേഹം കത്ത് നൽകിയിരുന്നു.

കോട്ടയത്തും എറണാകുളത്തുമായി താമസിച്ചിരുന്ന അദ്ദേഹം പാർട്ടിപ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിലുമുണ്ടായിരുന്നു.

എം.പി.യായിരിക്കേ 1985-ലാണ് ജില്ലാ കമ്മിറ്റിയിൽ എത്തിയത്. ഇടക്കാലത്ത്, 1993 മുതൽ 1998 വരെ അഭിഭാഷകജോലിയുടെ തിരക്കിൽ, ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞിരുന്നു. 1998 മുതൽ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അംഗമായി.

പിന്നീടുള്ള പാർട്ടിയുടെ ജില്ലയിലെ വളർച്ചയിൽ സുരേഷ് കുറുപ്പ് സജീവസാന്നിധ്യമായിരുന്നു. നിയമസഭാംഗമായിരുന്നിട്ടും ഒന്നാം പിണറായിസർക്കാരിൽ അർഹമായ പരിഗണന കിട്ടിയില്ല. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കുറുപ്പ് അതിന്റെ ജില്ലാ പ്രസിഡൻറ്, അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. 1984-ൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡൻറായിരിക്കേയാണ് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലും പാർലമെൻറംഗമായി.

2011-ലും 2016-ലുമാണ് ഏറ്റുമാനൂരിൽനിന്നുള്ള എം.എൽ.എ. ആയത്.

മൂന്നുതവണ കേരള സർവകലാശാല യൂണിയൻ കൗൺസിലറും യൂണിയന്റെ പ്രഥമ എസ്.എഫ്.ഐ. ചെയർമാനുമായിരുന്നു.