കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കെ. സുധാകരൻ എം.പി. വീണ്ടും ചർച്ചയ്ക്കായി ഡൽഹിയിലേക്ക്. ചർച്ചകൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെയും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയും വ്യാഴാഴ്ച രാത്രി കണ്ണൂരിലേക്ക് തിരിച്ച സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയാണ് മുൻകൈയെടുത്തത്.

To advertise here,

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധി വിളിച്ച് തിങ്കളാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ കണ്ണൂരിലെ വീട്ടിലെത്തിയ സുധാകരൻ വീട്ടിൽത്തന്നെ തങ്ങുന്നതിനിടെ കണ്ണൂരുമായുള്ള ആത്മബന്ധം സൂചിപ്പിച്ചും പാർട്ടിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങൾ പങ്കുവെച്ചും വൈകാരികമായ കുറിപ്പ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

പക്ഷേ, അങ്ങനെയൊരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കാര്യം അറിയില്ലെന്നും അന്വേഷിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, സുധാകരന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽനിന്ന് ഇത് നീക്കിയിട്ടില്ല.

കണ്ണൂർ ഡി.സി.സി. ഓഫീസിന് മുന്നിൽ ഉൾപ്പെടെ സുധാകരനെ പിന്തുണച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അടുത്ത അനുയായികൾ വീട്ടിലെത്തി സുധാകരനെക്കണ്ട് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടിരിക്കേയാണ് കാര്യങ്ങൾ വഷളാകാതിരിക്കാൻ ദേശീയനേതൃത്വം നേരിട്ട് ഇടപെട്ടത്.

കണ്ണൂരിൽ മത്സരിക്കാനുള്ള ആഗ്രഹം മാസങ്ങൾക്കുമുൻപേ സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയിലെ ധാരണ വ്യാഴാഴ്ച രാത്രി കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് നേരിൽ അറിയിച്ചതായാണ് വിവരം. സുധാകരൻ നിർദേശിക്കുന്ന ആളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കാമെന്ന ഉറപ്പ് നൽകിയെങ്കിലും ചർച്ചകൾ പൂർത്തിയാക്കാതെ സുധാകരൻ മടങ്ങുകയായിരുന്നു.