തൃശ്ശൂർ: തുടർഭരണം അപകടമെന്ന കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന്റെ പ്രതികരണത്തിൽ ഇടതു സാംസ്‌കാരിക-സൈബർ മേഖലയിൽനിന്ന് കടുത്ത വിമർശനമുയർന്നതോടെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ജനാധിപത്യം സംബന്ധിച്ച് താൻ പറഞ്ഞതിന്റെ അർഥതലങ്ങൾ എന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമംപോലും വിഡ്ഢിസ്വർഗത്തിലിരിക്കുന്ന സൈബർ കൂട്ടങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

To advertise here,

ഈ കുഞ്ഞന്മാരുടെ (ലില്ലിപുട്ട്) ലോകത്തെ ശബ്ദ കോലാഹലങ്ങളിൽ താൻ പറയാൻ ശ്രമിച്ചതിന്റെ രാഷ്ട്രീയമാനങ്ങൾ മാഞ്ഞ് വെറും കലഹങ്ങളായി ചുരുങ്ങിയെന്നും അദ്ദേഹം കുറിച്ചു.

അദൃശ്യരാക്കപ്പെട്ട ദരിദ്രർ, തൊഴിലാളികൾ, കർഷകർ, മത-ജാതി-ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരെ ശാക്തീകരിക്കുകയെന്നതാണ് ഇന്നത്തെ കാലത്ത് മാർക്‌സിസം ചെയ്യേണ്ടത്. അല്ലാതെ ദരിദ്രനെ കൂടുതൽ ദരിദ്രനും പാർശ്വവത്കരിക്കപ്പെട്ടവരെ കൂടുതൽ പാർശ്വവത്കരിക്കുകയും ചെയ്യുന്ന, മേലാള-മധ്യവർഗ സമൂഹത്തെ സുഖിപ്പിക്കുന്ന വികസനമാതൃക സ്വീകരിക്കുകയെന്നതല്ല. തന്നെ വിമർശിക്കുന്നവർ തന്റെ രചനകളോ ജീവിതമോ അറിയാത്തവരാണ്. തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രധാന സമരങ്ങളിലെ എന്റെ പങ്കാളിത്തമോ അടിയന്തരാവസ്ഥയുടെ കാലത്ത് രണ്ടുതവണ ചോദ്യചെയ്യപ്പെട്ടതോ അവർക്കറിയില്ല. ജീവിതത്തിൽ ഒരിക്കലും സ്ഥാനത്തിനോ പുരസ്‌കാരത്തിനോവേണ്ടി കൈനീട്ടിയിട്ടില്ല.

നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയാത്തവിധം രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ ആത്മഹത്യാപരമായ ഒത്തുതീർപ്പുകൾ കണ്ടില്ലെന്ന് നടിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ കാണുമ്പോൾ ഇതൊക്കെയും പറയേണ്ടിവരുന്നു.- അദ്ദേഹം കുറിച്ചു.

കഥാട്രോളുമായി ചരുവിൽ

അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ടി.പി. വേണുഗോപാലന്റെ നാശം എന്ന കുഞ്ഞിക്കഥ പങ്കിട്ടുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. കഥയിങ്ങനെ.

വീട്ടുമുറ്റത്തെ മാവ് നിറയെ കായ്ച്ചുനിൽക്കുന്നത് കണ്ട് അരിശംവന്ന കുഞ്ഞാമൻ, മഴുവെടുത്ത് മഞ്ചോട്ടിലേക്ക് പാഞ്ഞു. 'ങ്ങക്ക് പിരാന്തായാ' എന്ന് ചോദിച്ച് തടുക്കാൻ നോക്കിയ ഭാര്യയെ ഉന്തിയിട്ട് ഓടുന്നതിനിടയിൽ കുഞ്ഞാമൻ പറഞ്ഞു: 'കയ്‌ഞ്ഞൊല്ലോം അയ്ന്റപ്രത്തെക്കൊല്ലോം കായ്ച്ചതാ, ഇങ്ങനെ കായ്ക്കാൻ തൊടങ്ങ്യാല് അഹങ്കരിച്ചഹങ്കരിച്ച് മാവ് നശിച്ചളയും''

''സച്ചിദാനന്ദൻ മാഷെയും സാറടീച്ചറിനെയും പോലെയുള്ളവർ അറിഞ്ഞോ അറിയാതെയോ ഒര ഗൂഢപദ്ധതിയുടെ ഭാഗമാകുകയാണ്. സാമാന്യയുക്തിക്ക് നിരക്കാത്ത ഈ രാഷ്ട്രീയകൗശലം കേരളം സ്വീകരിക്കില്ല'' എന്നാണ് കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയായ കരിവെള്ളൂർ മുരളി പ്രതികരിച്ചത്.

അവഗണിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം

കൊല്ലം: സച്ചിദാനന്ദന്റെ വാക്കുകൾക്കുമുന്നിൽ കാതുപൊത്തിപ്പിടിക്കേണ്ടതില്ലെന്ന് സി.പി.ഐ.സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. ''ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പുകഴ്ത്തുന്നതുമാത്രമേ സ്വീകരിക്കൂ എന്നില്ല. വിമർശനം ഗൗരവത്തോടുകൂടി ഉൾക്കൊള്ളും. തുടർഭരണം ലഭിക്കുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ആലോചിക്കും.'' -ബിനോയ് വിശ്വം പറഞ്ഞു.

പ്രസ്താവനയിൽ ശരികേടുണ്ട് -മന്ത്രി വി. ശിവൻകുട്ടി

റാന്നി: സച്ചിദാനന്ദൻ കാര്യങ്ങൾ മനസ്സിലാക്കാതെയും രാഷ്ട്രീയപ്രശ്‌നങ്ങൾ വിലയിരുത്താതെയും കണ്ണുമടച്ച് നടത്തിയ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. എൽഡിഎഫ്. പ്രവർത്തകരും അനുഭാവികളും ജനാധിപത്യവിശ്വാസികളുമെല്ലാം തുടർഭരണത്തിനായി ശക്തമായി പ്രവർത്തിച്ചുവരുകയാണ്. ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയ ഇടതുമുന്നണിക്ക് ജനങ്ങളോട് വോട്ടുചോദിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുനയിപ്പിക്കാൻ സി.പി.എം; അബ്ദുൾ ഖാദറും അശോകൻ ചരുവിലും വീട്ടിലെത്തി

തൃശ്ശൂർ: ഇടതുസർക്കാരിന് തുടർഭരണം നല്ലതല്ലെന്ന് സച്ചിദാനന്ദൻ നടത്തിയ പ്രതികരണം തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലിൽ അനുനയനീക്കവുമായി സി.പി.എം.

ജില്ലാസെക്രട്ടറി കെ.വി. അബ്ദുൾ ഖാദറും സാഹിത്യ അക്കാദമി ഉപാധ്യക്ഷനും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ അശോകൻ ചരുവിലുമാണ് വടൂക്കരയിലെ സച്ചിദാനന്റെ അപ്പാർട്ട്‌മെന്റായ 'ബോധി'യിലെത്തിയത്. സച്ചിദാനന്ദൻ ചൊവ്വാഴ്ച നിലപാട് ആവർത്തിക്കുകയും സി.പി.എം. സൈബർവിഭാഗം ആക്രമണം കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു സന്ദർശനം. സൗഹാർദപരമായിരുന്നു കൂടിക്കാഴ്ചയെന്ന് അബ്ദുൾ ഖാദർ പറഞ്ഞു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള അഭിപ്രായപ്രകടനമല്ല നടത്തിയതെന്നും വിശാലമായ അർഥത്തിലാണ് താൻ ജനാധിപത്യത്തെയും തുടർഭരണത്തെയുംകുറിച്ച് പറഞ്ഞതെന്നും സച്ചിദാനന്ദൻ പ്രതികരിച്ചതായും അബ്ദുൾഖാദർ പറഞ്ഞു.

തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കാൻ ശ്രമിക്കുന്നവരാണ് സച്ചിദാനന്ദനെപ്പോലുള്ള വലിയ എഴുത്തുകാരെന്ന് കഴിഞ്ഞദിവസം അശോകൻ ചരുവിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.