തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് മാറ്റണമെന്ന കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആർ. ശ്രീലേഖയുടെ ആവശ്യത്തിൽ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ. മുരളീധരൻ. വട്ടിയൂർക്കാവ് എംഎൽഎ ഹോസ്റ്റലിലേക്ക് വരാൻ ആളുകൾക്ക് പ്രയാസമാണെന്ന വാദം തെറ്റാണെന്നും എന്നാൽ, ഓഫീസ് മുറി ഒഴിയണോ എന്നത് പ്രശാന്തിന്റെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എട്ടുവർഷം വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ കേന്ദ്രഭാഗമായതിനാൽ ജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും തന്നെ കാണാൻ അവിടെ വരുമായിരുന്നു.

എംഎൽഎ ക്വാർട്ടേഴ്സിലെ മുറികൾ എംഎൽഎമാരുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സ്പീക്കറാണ് പരമാധികാരി. ജി. കാർത്തികേയനും എൻ. ശക്തനും സ്പീക്കർമാരായിരുന്ന കാലത്ത് മുറികളുടെ ഉപയോഗം അവർ കർശനമായി നിരീക്ഷിച്ചിരുന്നുവെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.

വട്ടിയൂർക്കാവ് എംഎൽഎ ഹോസ്റ്റലിലേക്ക് വരാൻ ആളുകൾക്ക് പ്രയാസമാണെന്ന വാദം അദ്ദേഹം തള്ളി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിൽ താൻ രണ്ടാമത് തിരഞ്ഞെടുക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങൾ എപ്പോഴും ആദ്യം അന്വേഷിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിലർമാരെയാണ്. കൗൺസിലർമാരെ കണ്ടില്ലെങ്കിൽ ജനം ചോദ്യംചെയ്യും. കൗൺസിലർമാർക്ക് വലിയ സാമ്പത്തിക ഞെരുക്കമുണ്ടെന്നത് സത്യമാണ്. അവർക്ക് ഇരിക്കാൻ ഒരു ചെറിയ മുറിയെങ്കിലും ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.

ആർ. ശ്രീലേഖ സ്വീകരിച്ച നടപടിയെക്കുറിച്ചോ എംഎൽഎയും കൗൺസിലറും തമ്മിലുള്ള തർക്കത്തെക്കുറിച്ചോ മുരളീധരൻ പ്രതികരിച്ചില്ല. അതേസമയം, എംഎൽഎ ക്വാർട്ടേഴ്സിലെ മുറികൾ എംഎൽഎമാർക്ക് ഉപയോഗിക്കാമെന്നിരിക്കെ മറ്റൊരു ഓഫീസിന്റെ ആവശ്യമില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.