
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഡോ. ജോ ജോസഫ് മറുപടി മറുപടി അര്‍ഹിക്കുന്നില്ലെന്നും ഒരു പഞ്ചായത്തില്‍ പോലും ജയിക്കാത്തയാള്‍ തന്നെക്കുറിച്ച് എന്തെങ്കിലും കമന്റ് പറഞ്ഞാല്‍ അത് സീരിയസായിട്ട് എടുക്കുന്നില്ലെന്നും കെ. മുരളീധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
''ഞാനൊരു ഉദാഹരണം പറഞ്ഞെന്ന് മാത്രമേയുള്ളൂ. ഓരോ തിരഞ്ഞെടുപ്പിലും ഓരോ സ്ഥാനാര്‍ഥികളെ കൊണ്ടുവന്ന് നിര്‍ത്തും, പിന്നെ അവരെക്കുറിച്ചൊന്നും കേള്‍ക്കില്ല. അതാണ് ഞാന്‍ പറഞ്ഞത്. അതിന് ഇത്ര പറയേണ്ട കാര്യമൊന്നുമില്ല. പിന്നെ ഞാന്‍ തോറ്റിട്ടുമുണ്ട്, ജയിച്ചിട്ടുമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. ഞാന്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ്. ആ എന്നെക്കുറിച്ച് ഒരു പഞ്ചായത്തില്‍ പോലും ജയിക്കാത്ത ഒരാള്‍ എന്തെങ്കിലും കമന്റ് പറഞ്ഞാല്‍ അത് ഞാന്‍ അത്ര സീരിയസ് ആയി എടുക്കുന്നില്ല. ആ രീതിയില്‍ കണ്ടാല്‍മതി'', കെ. മുരളീധരന്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതുകൊണ്ട് മത്സരം കടുക്കുമെന്ന അഭിപ്രായമില്ലെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു. ''അവിടെ യുഡിഎഫിന് വളക്കൂറുള്ള മണ്ണാണ്. യുഡിഎഫ് ഒരുപാട് ജയിച്ചിട്ടുള്ള നിയോജകമണ്ഡലമാണ്. എം. സ്വരാജ് തൃപ്പൂണിത്തുറയില്‍ വിജയിച്ചു. അതിനുശേഷം എല്‍ഡിഎഫിന് കുറേക്കൂടി സീറ്റ് വര്‍ധിച്ച 2021-ല്‍ അതേ മണ്ഡലത്തില്‍ പരാജയപ്പെട്ടയാളാണ്. അതുകൊണ്ട് അദ്ദേഹം വന്നതുകൊണ്ട് മത്സരം കടുക്കുമെന്ന അഭിപ്രായമൊന്നുമില്ല. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. അത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. പിണറായി സര്‍ക്കാരിന്റെ ഒന്‍പതുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ ജനവിധിയായിരിക്കും നിലമ്പൂരില്‍നിന്നുണ്ടാവുക എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ അത് അനുസരിച്ച് മുന്നോട്ടുപോകും. എതിര്‍സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടികളാണ്. സ്വാഭാവികമായും ആ പാര്‍ട്ടി ഒരു നേതാവിനെ സ്ഥാനാര്‍ഥിയാക്കി. ഞങ്ങള്‍ ഏതായാലും തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നു. തീര്‍ച്ചയായും 23-ന് ഫലം വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്'', അദ്ദേഹം പറഞ്ഞു. ജൂണ്‍ ആറാം തീയതി മുതല്‍ നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണരംഗത്തുണ്ടാകുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് കെ. മുരളീധരന് ഡോ. ജോ ജോസഫിനെ ലക്ഷ്യമിട്ട് പ്രതികരണം നടത്തിയത്. തൃക്കാക്കരയില്‍ ഒരു ഡോക്ടറെ മത്സരിപ്പിച്ച് വഴിയാധാരമാക്കിയെന്നും ഡോക്ടര്‍മാരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വഴിയാധാരാമാക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും അഭ്യര്‍ഥിക്കണമെന്നുമായിരുന്നു കെ. മുരളീധരന്‍ വാക്കുകള്‍. എന്നാല്‍, കെ. മുരളീധരന് ഡോ. ജോ ജോസഫ് സാമൂഹികമാധ്യമത്തിലൂടെ മറുപടി നല്‍കി. താന്‍ ഒരു തവണ മാത്രമേ വഴിയാധാരമായിട്ടുള്ളൂ എന്നും കെ. മുരളീധരന്‍ ഏഴുതവണ വഴിയാധാരമായിട്ടുണ്ടെന്നുമാണ് മുരളീധരന്റെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ അക്കമിട്ട് നിരത്തി ജോ ജോസഫ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.
Content Highlights: k muraleedharan reply to dr jo joseph social media post
Published: 31 May 2025, 02:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented