തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാവാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചോദ്യമുന്നയിച്ച നേമം ഷജീറിന് മറുപടിയുമായി ജെ.എസ് അഖിൽ. ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയത്. ഇതൊക്കെ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ആരോപണം ഉന്നയിച്ചയാൾ തയ്യാറാവുമോ എന്ന് ജെ.എസ് അഖിൽ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് നേമം ഷജീർ യൂത്ത് കോൺഗ്രസ്സിലേക്ക് വന്നതെന്നും വളരെ പെട്ടെന്ന് എങ്ങനെ ജില്ലാ പ്രസിഡന്റ് ആയെന്നും അത് ആരുടെ പെട്ടി താങ്ങി ആണെന്നും ഈ പ്രസ്ഥാനത്തിലെ സാമാന്യ ബോധമുള്ളവർക്ക് നന്നായി അറിയാമെന്നും അഖിൽ കുറിച്ചിട്ടുണ്ട്.
‘ഉമ്മൻചാണ്ടി സാറിന്റെ കുടുംബത്തെ ആക്ഷേപിക്കാനൊന്നും ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പെടെ ആരും വളർന്നിട്ടില്ല. മറ്റാരേക്കാളും യോഗ്യത എനിക്കുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ എന്നെ പരിഗണിച്ചതും കൂടെ നിർത്തിയതും പല ഇടങ്ങളിൽ എന്റെ പേര് നിർദേശിച്ചതും. അതുകൊണ്ട് ആ മനുഷ്യന്റെ പരിഗണന തന്നെയാണ് എന്റെ യോഗ്യത. കുതികാൽ വെട്ടാതെ ആ മനുഷ്യനൊപ്പം അവസാനം വരെ നിന്നതും എന്റെ യോഗ്യത തന്നെയാണ്’ എന്നും അഖിൽ കുറിച്ചിട്ടുണ്ട്. പാർട്ടി സമരങ്ങളിലും പരിപാടികളിലും പങ്കെടുത്ത ചിത്രങ്ങളുൾപ്പെടെ പോസ്റ്റ് ചെയ്താണ് ജെ.എസ് അഖിലിന്റെ മറുപടി.
നേരത്തെ ജെ.എസ് അഖിലിനെതിരെ കടുത്ത വിമർശനമാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീർ ഉന്നയിച്ചിരുന്നത്. താൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും അഖിലിനെ കണ്ടിട്ടില്ല. പോലീസുകാരന്റെ തല്ല് കൊള്ളാൻ പോലും കൂടെയുണ്ടായിരുന്നില്ല. ജലപീരങ്കിയുടെ ഒരുതുള്ളി വെള്ളം പോലും ദേഹത്ത് വീണിട്ടില്ല. ഉമ്മൻചാണ്ടി സാറിന്റെ വീട്ടിൽ കിടന്നാൽ സംസ്ഥാന അധ്യക്ഷൻ ആകാമെന്ന് ധാരണ ഉണ്ടെങ്കിൽ അത് വേണ്ട. അഖിൽ യൂസ്‌ലെസ് ആണെന്നായിരുന്നു നേമം ഷജീറിന്റെ വിമർശനം.
ജെ.എസ് അഖിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയത്.ഞാൻ സമരങ്ങളിൽ പങ്കെടുക്കുന്നതും ഞാൻ പോലീസിന്റെ അടി കൊണ്ടതും ഞാൻ ജയിലിൽ കിടന്നതും എന്റെ പേരിൽ എത്ര പോലിസ് കേസുകൾ ഉണ്ടെന്നും തെളിയിച്ചാൽ ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അതിന് കുടപിടിക്കുന്ന വ്യക്തിയും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോ?
ഉമ്മൻചാണ്ടി സാറിന്റെ കുടുംബത്തെ ആക്ഷേപിക്കാനൊന്നും ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പെടെ ആരും വളർന്നിട്ടില്ല. മറ്റാരേക്കാൾ യോഗ്യത എനിക്കുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ എന്നെ പരിഗണിച്ചതും കൂടെ നിർത്തിയതും പല ഇടങ്ങളിൽ എന്റെ പേര് നിർദേശിച്ചതും. അതുകൊണ്ട് ആ മനുഷ്യന്റെ പരിഗണന തന്നെയാണ് എന്റെ യോഗ്യത. കുതികാൽ വെട്ടാതെ ആ മനുഷ്യനൊപ്പം അവസാനം വരെ നിന്നതും എന്റെ യോഗ്യത തന്നെയാണ്.
മറഞ്ഞിരുന്ന് ഈ വ്യക്തിയെ കൊണ്ട് ആരോപണം ഉന്നയിപ്പിക്കുന്നവർക്കൊക്കെ ഉമ്മൻചാണ്ടിയുടെ വീട്ടിലെഅടുക്കളയിൽ വരെ ബന്ധം ഉണ്ടായിരുന്നവർ തന്നെയാണ്. ഉമ്മൻചാണ്ടിയുടെ വീട്ടിൽ കറങ്ങി നടക്കാൻ എല്ലാവർക്കും പറ്റില്ല. ഉമ്മൻചാണ്ടിയുടെ കൂടെ സ്‌നേഹം കിട്ടുന്നവർക്കും അദ്ദേഹത്തോട് ആത്മാർത്ഥത ഉള്ളവർക്കും മാത്രമേ അദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലുന്നതിനും മരണം വരെ അദ്ദേഹത്തിനൊപ്പം നിൽക്കുന്നതിനും കഴിഞ്ഞിട്ടുമുള്ളു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞവർക്കും തള്ളിപറഞ്ഞവർക്കും ആ വീട്ടിലേക്ക് കയറി ചെല്ലാൻ ഒട്ടും പറ്റില്ല എന്ന ഒരു വസ്തുത കൂടിയുണ്ടല്ലോ.
പിന്നെ സ്വന്തം നാട്ടിലും ഈ ജില്ലയിലും ഞാൻ എത്ര പൊതുപരിപാടികളിൽ പങ്കെടുക്കുന്നു, ഈ കഴിഞ്ഞ കാലങ്ങളിൽ എത്ര പാർട്ടി, സമര പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നെല്ലാം എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നോക്കിയാൽ മനസിലാകും.
KSU ഭാരവാഹിത്വത്തിലൂടെ സെനറ്റ് മെമ്പറയും സിൻഡിക്കേറ്റ് മെമ്പാറയും, സംസ്ഥാന KSU വിന്റെ ജനറൽ സെക്രട്ടറിയയും ഞാൻ തെരുവിൽ സമരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തി ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നത് ചോദ്യം ചെയ്യേണ്ട മറ്റൊരു വസ്തുതയാണ്.
വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് യൂത്ത് കോൺഗ്രസ്സിലേക്ക് വന്നതെന്നും വളരെ പെട്ടെന്ന് എങ്ങനെ ജില്ലാ പ്രസിഡന്റ് ആയെന്നും അത് ആരുടെ പെട്ടി താങ്ങി ആണെന്നും ഈ പ്രസ്ഥാനത്തിലെ സാമാന്യ ബോധമുള്ളവർക്ക് നന്നായി അറിയാം. ഒരു 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് വിവരാവകാശമിട്ടാൽ ഞാൻ ജയിലിൽ കിടന്നതിന്റെയും എന്റെ പേരിലുള്ള പോലിസ് കേസുകളുടെയും വിവരങ്ങൾ കിട്ടും.
Content Highlights: JS Akhil defended his eligibility for the Youth Congress state president position against criticisms by Nemom Shajeer., Akhil cited his active participation in protests, police beatings, and cases as proof of his dedication., He emphasized his close association and backing from the late leader Oommen Chandy., Akhil questioned Shajeer's political background and how he swiftly became the district president.
Published: 25 Nov 2026, 02:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented