തിരുവനന്തപുരം: ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു. ഇതുസംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീറിനു കത്തു നൽകിയതായി ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ജനതാദൾ (എസ്) ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ സാഹചര്യത്തിലാണ് ദേശീയ പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കുന്നത്.
2022 സെപ്റ്റംബറിൽ ചേർന്ന ജനതാദൾ (എസ്) പാർട്ടിയുടെ, ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിനു വ്യത്യസ്തമായി പാർട്ടി കർണാടകയിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും കേന്ദ്രമന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തതിനാലാണ് ആ നിലപാടിനെ തള്ളിപ്പറയാൻ കേരള ഘടകം നിർബന്ധിതമായതെന്ന് മാത്യു ടി. തോമസ് പറഞ്ഞു.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയനസമ്മേളനം 17-ന് രാവിലെ 10-ന് എറണാകുളത്ത് നടക്കും. ചക്രമാണ് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതി പച്ചയും പകുതി വെള്ളയുമാണ് പതാക. കർഷകത്തൊഴിലാളി ഐക്യം, സോഷ്യലിസ്റ്റ് ആശയധാര, പരിസ്ഥിതിസംരക്ഷണം എന്നിവയാണ് പതാകയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനം പറയേണ്ടതെന്നും ആവശ്യങ്ങൾ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയായി തുടരും. മന്ത്രി കെ. കൃഷ്ണൻകുട്ടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Janata Dal (S) Kerala unit merges with Indian Socialist Janata Dal due to national alliance with BJP. New party to continue with LDF. Learn more!
Published: 08 Jan 2026, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented