തൃശ്ശൂർ: ‘‘ആത്മഹത്യയെക്കുറിച്ചുപോലും ഒരു ഘട്ടത്തിൽ ചിന്തിച്ചു’’-പറയുന്നത് വ്യാജ ലൈംഗികാരോപണത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ 18 വർഷം നിയമപ്പോരാട്ടം നടത്തിയ കേരളവർമ കോളേജ് റോഡിലെ തുളസിയിൽ ജനാർദനൻ നമ്പ്യാർ (82). കേസിൽ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് കംപ്ലെയ്‌ന്റ്‌സ്‌ അതോറിറ്റിയിൽനിന്ന് ഉത്തരവ് നേടിയിരിക്കുകയാണ് ഇദ്ദേഹം. ഇത്തരമൊരു കേസ് വന്നതോടെ വല്ലാത്തൊരു മാനസികാവസ്ഥയിലായെന്നും അദ്ദേഹം പറയുന്നു.

To advertise here,

ഒരു സാമ്പത്തികസഹായമാണ് ലൈംഗികാതിക്രമക്കേസായി ജനാർദനൻ നമ്പ്യാരെ തിരിഞ്ഞുകൊത്തിയത്. തന്റെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ആളിന്റെ സഹോദരിക്ക് ഒരുപണമിടപാട് സ്ഥാപനത്തിൽനിന്ന് പണം കിട്ടാൻ ഇടനിലക്കാരനാകുകയായിരുന്നു ഇദ്ദേഹം. പണം തിരിച്ചടയ്ക്കാതായപ്പോൾ പണമിടപാട് സ്ഥാപനം നിയമനടപടിയിലേക്ക് പോയപ്പോൾ സാക്ഷി പറയരുതെന്ന ഭീഷണിയാണ് ആദ്യം വന്നതെന്ന് ജനാർദനൻ നമ്പ്യാർ പറഞ്ഞു. ഇതിൽ പോലീസിൽ പരാതി നൽകിയപ്പോൾ പരാതി പിൻവലിക്കണമെന്ന ഭീഷണിയായി.

ഈ സമയത്താണ് ലൈംഗികാരോപണമുണ്ടെന്ന്‌ കാണിച്ച് പോലീസുകാരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായത്. എന്നാൽ, വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിൽ ലൈംഗികാരോപണമില്ലെന്ന് വ്യക്തമായി. തുടർന്ന് കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. ഇത്‌ നടപ്പാക്കാതായപ്പോൾ 2011-ൽ ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണുണ്ടായത്.

അതിനുശേഷം 2011 ജൂണിലാണു യുവതി ഗുരുവായൂർ സ്റ്റേഷനിൽ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി രേഖാമൂലം നൽകിയത്. അന്നത്തെ ഇൻസ്പെക്ടർ കേസെടുത്തു. ജില്ലാ സെഷൻസ് കോടതിയിൽ 2020-ൽ തുടങ്ങിയ വിചാരണ 2023 നവംബറിലാണ് അവസാനിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയും ശത്രുത മൂലമാണ് ബലാത്സംഗക്കേസിൽ തെറ്റായി ഉൾപ്പെടുത്തിയതെന്ന് കണ്ടെത്തിയും കോടതി കുറ്റവിമുക്തനാക്കി.

അഭിഭാഷകരായ കെ.ഡി. ബാബു, ശരത്ബാബു കോട്ടയ്ക്കൽ എന്നിവരാണ് നിയമസഹായം നൽകിയത്. ഇതിനുശേഷം സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയിൽ കേസ് അന്വേഷിച്ച ഐജി ഉൾപ്പെടെയുള്ളവരുടെ പേരിൽ പരാതി നൽകി. കേസ് അന്വേഷിച്ച ഗുരുവായൂർ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന കെ.ജി. സുരേഷ്, കെ. സുദർശൻ, എസിപി ശിവദാസൻ എന്നിവരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തൃശ്ശൂർ റെയ്ഞ്ച് ഇൻസ്പെക്ടർക്ക് അതോറിറ്റി നിർദേശം നൽകി.