കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മുസ് ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. 'കണ്ണാടി പൊട്ടിച്ചാല്‍ കോലം നന്നാകുമോ' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. തോല്‍വിക്ക് കാരണം ഭരണവീഴ്ചയാണെന്ന് പി.ആര്.സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
മുണ്ടുടുത്ത മോദിയെന്നാണ് മുഖപ്രസംഗത്തിന്റെ ഒരുഭാഗത്ത് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്. ''വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ഡ് വെട്ടിക്കീറി വിഭജിക്കുന്ന പഴയ കുടില തന്ത്രം വീണ്ടും ഇറക്കിയിട്ടുണ്ട്. മോദിയുടെ ബില്‍ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്. പക്ഷേ, വീണ്ടുമൊരു അങ്കത്തില്‍ കൂടി തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ തിരയേണ്ടിവരുമെന്നാണ് നേതാക്കള്‍ പോലും രഹസ്യമായി പറയുന്നത്''-മുഖപ്രസംഗത്തില്‍ പറയുന്നു.
സി.പി.എമ്മിനൊപ്പം നവോത്ഥാനമെന്ന് പറഞ്ഞ് നടക്കുകയും വാ തുറന്നാല്‍ വര്‍ഗീയത പറയുകയുംചെയ്യുന്ന വെള്ളാപ്പള്ളി നടേശന് സി.പി.എമ്മിലെ ഈഴവ വോട്ടുകള്‍ സംഘപരിവാറിലേക്ക് ഹോള്‍സെയിലായി എത്തിക്കുന്ന പാലമാണെന്ന തിരിച്ചറിവ് നവോത്ഥാന മതില് കെട്ടാന്‍ കരാര്‍ നല്കിയ പിണറായിയും പാര്‍ട്ടിയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. എത്ര തോറ്റാലും അത് തോല്‍വിയല്ലെന്ന് പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്. അതാവുമ്പോള്‍ യാതൊരു അന്തവും കുന്തവുമില്ലാത്ത സഖാക്കള്‍ ആഹാ വിളിച്ച് കൂടെ നിന്നോളുമെന്ന് ടിയാനും അറിയാം. സ്വന്തം മുഖം വികൃതമായത് തിരിച്ചറിയാതെ മറ്റു പാര്‍ട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുന്നത് മാത്രമാണ് ആകെ നടക്കുന്നത്. പ്രശ്നമുണ്ടാകുമ്പോള്‍ അത് കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കലാണ് ഹീറോയിസം എന്ന് കരുതുന്നവരോട് ജനം ഇതില്‍ കൂടുതല്‍ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കഴിഞ്ഞദിവസം കോഴിക്കോട് നടന്ന എന്‍.ജി.ഒ. യൂണിയന് പൊതുസമ്മേളനത്തില്‍ ലീഗിനെതിരേ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 'ചന്ദ്രിക' മുഖപ്രസംഗത്തിലൂടെ ലീഗ് തിരിച്ചടിച്ചിരിക്കുന്നത്.
ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐ.യുടേതുമായി മാറിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ വിമര്‍ശനം. തിരഞ്ഞെടുപ്പ് വിജയത്തില്‍ യു.ഡി.എഫിന് ആഹ്ലാദിക്കാന്‍ വകയില്ല. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി ലീഗ് കൂട്ടുകൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights: iuml mouthpiece chandrika criticizes cm pinarayi vijayan and cpm
Published: 23 Jun 2024, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented