തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലത്തെ യാത്രയ്ക്ക് കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

To advertise here,

സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്  ഞായര്‍ (22.12.2024) രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും എന്ന് ദക്ഷിണ റെയില്‍വേ വിഭാഗം അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് യശ്വന്ത്പുരില്‍നിന്നും മംഗലാപുരം വരെയും തിരിച്ചുമുള്ള രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും എന്ന് തെക്ക്-പടിഞ്ഞാറന്‍ റെയില്‍വേ വിഭാഗം അറിയിച്ചു. 20 കോച്ചുകള്‍ അടങ്ങുന്നതാണ് ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍.

താംബരം -കന്യാകുമാരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06039) ഡിസംബര്‍ 24, 31 തീയതികളില്‍ പുലര്‍ച്ചെ 00.35-ന് താംബരത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15-ന് കന്യാകുമാരിയില്‍ എത്തിച്ചേരും.

കന്യാകുമാരി - താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 25, ജനുവരി 1 തീയതികളില്‍ വൈകീട്ട് 04.30-ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.20-ന് താംബരത്ത് എത്തിച്ചേരും.

ചെന്നൈ സെന്‍ട്രല്‍ -  കൊച്ചുവേളി പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ (06043) ഡിസംബര്‍ 23, 30 തീയതികളില്‍ രാത്രി 23.20-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് യാത്രതിരിച്ച് അടുത്ത ദിവസം വൈകീട്ട് 06.05-ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.

കൊച്ചുവേളി - ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ (06044) ഡിസംബര്‍ 24, 31 തീയതികളില്‍ രാത്രി 20.20-ന് കൊച്ചുവേളിയില്‍നിന്ന് യാത്രതിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

കൊച്ചുവേളി - മംഗളൂരു പ്രതിവാര അണ്‍റിസര്‍വ്ഡ് അന്ത്യോദയ സ്‌പെഷ്യല്‍ ട്രെയിന്‍ (06037) ഡിസംബര്‍ 23, 30 തീയതികളില്‍ രാത്രി 20.20-ന് കൊച്ചുവേളിയില്‍നിന്ന് യാത്രതിരിച്ച് തൊട്ടടുത്ത ദിവസം രാവിലെ 9.15-ന് മംഗളൂരുവില്‍ എത്തിച്ചേരും.

മംഗളൂരു - കൊച്ചുവേളി പ്രതിവാര അണ്‍റിസര്‍വ്ഡ് അന്ത്യോദയ സ്‌പെഷ്യല്‍ ട്രെയിന്‍ (06038) ഡിസംബര്‍ 24, 31 തീയതികളില്‍ രാത്രി 20.10-ന് മംഗളൂരുവില്‍നിന്ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 10.00-ന് കൊച്ചുവേളിയിലെത്തും.

മുന്‍വര്‍ഷങ്ങളിലെ കണക്കനുസരിച്ച് ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പ് തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രാലയത്തോട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടത്. ശബരിമല സീസണ്‍ കൂടി പ്രമാണിച്ചാണ് കേരളത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത് എന്നാണ് വിവരം.