കൊച്ചി: ഏഷ്യൻ കപ്പ് ഫുട്‌ബോളിലെ യോഗ്യതാ റൗണ്ടിലെ ഇന്ത്യ-ഹോങ്‌കോങ് മത്സരത്തിന് മുന്നോടിയായി കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീം നടത്താനിരുന്ന പത്രസമ്മേളനം തടഞ്ഞ് നടത്തിപ്പുകാരായ േഗ്രറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ.).

To advertise here,

സ്റ്റേഡിയത്തിന്റെ വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും ഉൾപ്പെടെ 28 ലക്ഷം രൂപ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പത്രസമ്മേളനത്തിനെത്തിയ ഇന്ത്യൻ ഫുട്ബോൾ കോച്ച് ഖാലിദ് ജമീലടക്കം അപമാനിതനായി മടങ്ങി.

പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ട ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസമദ്, ബിജോയ് വർഗീസ് എന്നിവർ സ്റ്റേഡിയത്തിലെത്താതെ പാതിവഴിയിൽ ഹോട്ടലിലേക്ക് മടങ്ങി. പണം അടയ്ക്കാത്തതിനാൽ ആരെയും അകത്ത് പ്രവേശിപ്പിക്കേണ്ടെന്ന് ജി.സി.ഡി.എ. അധികൃതർ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. ഇതോടെ പ്രവേശന കവാടം ചങ്ങലയിട്ട് പൂട്ടി. മാർച്ച് 31-നാണ് കൊച്ചിയിൽ ഇന്ത്യ-ഹോങ്‌കോങ് മത്സരം നടക്കേണ്ടത്.

ജി.സി.ഡി.എ. സ്റ്റേഡിയം പൂട്ടിയതോടെ വ്യാഴാഴ്ച വൈകുന്നേരം സ്‌റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലനവും മുടങ്ങി. പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ ഗ്രൗണ്ടിലാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. മുൻപ് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പത്രസമ്മേളനവും ജി.സി.ഡി.എ. ഇതുപോലെ തടഞ്ഞിരുന്നു.