
കോഴിക്കോട്: ഓപ്പറേഷന്‍ സിന്ദൂറില്‍ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് കൃത്രിമ കൈയുടെ കരുത്ത്. പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ ഏക മലയാളി സൈനികനാണ് വരുണ്‍ കുമാര്‍ എസ്. ധീരതയ്ക്കുള്ള അംഗീകാരമായി വ്യാഴാഴ്ച രാഷ്ട്രപതിയുടെ വായുസേനാ മെഡലിനും വരുണ്‍ അര്‍ഹനായി.
മേയ് പത്തിന് പുലര്‍ച്ചെ ജമ്മു-കശ്മീരിലെ ഉധംപുര്‍ എയര്‍ബേസിനുനേരേ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി കോര്‍പ്പറല്‍ വരുണിന് വലതുകൈ നഷ്ടമായത്. രണ്ടരവര്‍ഷമായി ഉധംപുര്‍ എയര്‍ബേസിലെ സ്റ്റേഷന്‍ മെഡി കെയര്‍ സെന്ററില്‍ മെഡിക്കല്‍ അസിസ്റ്റന്റാണ് വരുണ്‍. പുലര്‍ച്ചെയോടെയായിരുന്നു പാക് ആക്രമണം. ആ സമയം വരുണിനൊപ്പം ജോലിചെയ്തിരുന്ന രാജസ്ഥാന്‍ സ്വദേശി സര്‍ജന്റ് സുരേന്ദ്രകുമാര്‍ മോഗ ആക്രമണത്തില്‍ വീരമൃത്യുവരിച്ചു.
ഉധംപുരിലെ കമാന്‍ഡോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണ്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. പരിക്കേറ്റ വലതുകൈ ശസ്ത്രക്രിയയിലൂടെ
അടിയന്തരമായി നീക്കംചെയ്തു. മൂന്നുമാസത്തെ ആശുപത്രിവാസം. തുടര്‍ന്ന് പുണെയിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററിലേക്ക്. കഴിഞ്ഞയാഴ്ചയാണ് കൃത്രിമകൈ വെച്ചുപിടിപ്പിച്ചത്. വരുണിനെ കാണാന്‍ കഴിഞ്ഞദിവസം എയര്‍ഫോഴ്സ് മേധാവി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്ററില്‍ എത്തിയിരുന്നു. പിന്നാലെ എയര്‍ഫോഴ്സ് തന്നെയാണ് വരുണിന്റെ അതിജീവനവിവരം പുറത്തുവിട്ടത്.

2013-ലാണ് വരുണ്‍ എയര്‍മാനായി എയര്‍ഫോഴ്സിന്റെ ഭാഗമാകുന്നത്. ആക്രമണം നടക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസംവരെ വരുണിനൊപ്പം ഭാര്യ കണ്ണൂര്‍ പിലാത്തറ സ്വദേശി അഞ്ജുവും മകന്‍ വിഹാനും ഉധംപുരിലുണ്ടായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പുന്നപ്ര തെക്കേപ്പുരയ്ക്കല്‍ ശശിധരന്റെയും പരേതയായ രത്‌നകുമാരിയുടെയും മകനാണ് വരുണ്‍. സഹോദരന്‍ വിവേക് കുമാര്‍ എഞ്ചിനീയറാണ്.
Content Highlights: Varun Kumar, injured in a Pakistan air attack, receives President`s Air Force Medal for bravery
Published: 15 Aug 2025, 04:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented