കൊച്ചി: സ്വർണവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ ഇന്ത്യൻ കുടുംബങ്ങളെ സ്വർണാഭരണങ്ങൾ വിറ്റ് ലാഭമെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യ ബുള്ളിയൻ ആൻഡ് ജൂവലേഴ്‌സ് അസോസിയേഷന്റെ (ഐ.ബി.ജെ.എ.) കണക്കുകൾ പ്രകാരം 2026 ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ കുടുംബങ്ങൾ ഏകദേശം 50 ടൺ പഴയ സ്വർണമാണ് വിറ്റഴിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 43 ശതമാനമാണ് വിൽപ്പനയിലുണ്ടായ വർധന.

To advertise here,

സ്വർണവില വലിയതോതിൽ ഇടിയുമെന്ന ആശങ്കയാണ് ഈ ലാഭമെടുപ്പിനുപിന്നിൽ. വർഷങ്ങൾക്കുമുൻപ് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ആഭരണങ്ങളാണ് ഇന്ത്യൻ കുടുംബങ്ങളിലുള്ള സ്വർണശേഖരത്തിൽ വലിയൊരു പങ്കും. 2024-ലെ സ്വർണവില പരിശോധിച്ചാൽ, മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. സമീപകാലത്ത് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം സ്വർണവില കുതിച്ചു. 2026 ജനുവരി ഒൻപതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന റെക്കോഡിലുമെത്തി. ഇതോടെ ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യത്തിൽ പലമടങ്ങ് വർധനയുണ്ടായി. എന്നാൽ, കഴിഞ്ഞ മാസങ്ങളിലായി സ്വർണവിലയിലുണ്ടായ അസ്ഥിരതയാണ് സ്വർണാഭരണങ്ങളുടെ വിൽപ്പന ഉയരാൻ പ്രേരണയായത്.

ഒരുമാസത്തിൽ 11,000 രൂപയോളം ഇടിവ്

കഴിഞ്ഞ ഒരുമാസത്തിനിടയിൽ മാത്രം സ്വർണവിലയിൽ 11,000 രൂപയോളം ഇടിവാണുണ്ടായത്. 2026 മേയ് 31-ന് പവന് 1,15,160 രൂപയായിരുന്നു വില. ജൂലായ് ഒന്നിന് ഇത് 1,04,320 രൂപയിലെത്തിനിൽക്കുകയാണ്. ഇതുവരെ 10,840 രൂപയുടെ ഇടിവുണ്ടായി. ഇറാൻ-യു.എസ്. സംഘർഷവും അനുബന്ധ സംഭവങ്ങളും അമേരിക്കൻ കേന്ദ്രബാങ്കിന്റെ പണനയം എന്നിവയാണ് സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയെ സ്വാധീനിച്ചത്. ഇതോടെ ആഭ്യന്തര വിപണിയിലും വില മാറിമറിഞ്ഞു. പ്രവചനാതീതമായ വിലമാറ്റം പവൻവില എപ്പോൾ വേണമെങ്കിലും ഒരുലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയ്ക്ക് താഴെപ്പോകാമെന്ന ആശങ്കയുണ്ടാക്കി. ഇക്കാരണത്താലാണ് കൈയിലുള്ള സ്വർണം വിറ്റ് ലാഭമെടുക്കലിലേക്ക് ഇന്ത്യൻ കുടുംബങ്ങൾ കടന്നത്. അതേസമയം, വലിയൊരു മുന്നേറ്റത്തിനുശേഷമുള്ള സ്വാഭാവികമായ തിരുത്തലായാണ് വിപണി സ്വർണവിലയിലെ ഇടിവിനെ കാണുന്നത്.

ഇറക്കുമതി ഇടിഞ്ഞു

മേയ് മാസം രാജ്യത്തെ സ്വർണ ഇറക്കുമതിയിലും കുറവുണ്ടായിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം മേയിൽ 1,200 കോടി ഡോളർ മൂല്യം വരുന്ന സ്വർണമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ മൂന്നുമാസങ്ങളിലായി സ്വർണ ഇറക്കുമതിയിൽ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി സ്വർണമാണ്. കഴിഞ്ഞ സാമ്പത്തികവർഷം 7,240 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെലവ് വഴി വലിയതോതിൽ വിദേശനാണ്യം ചോർന്നുപോകുന്നു. ഇതിന് തടയിടാൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ പഴയ സ്വർണം തിരികെ വിപണിയിലേക്ക് എത്തുന്നത് ഇറക്കുമതിയിലെ ആശ്രയത്വം കുറയ്ക്കാൻ സഹായകമാണ്.